സുഖോയ് യുദ്ധ വിമാനത്തില്‍ നിന്ന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡെൽഹി: സുഖോയ് യുദ്ധ വിമാനത്തില്‍ നിന്ന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയാണ് സുഖോയ് വിമാനത്തില്‍ നിന്ന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചത്.

സുഖോയ്-30 വിമാനം മൂന്ന് മണിക്കൂറിലധികം സഞ്ചരിച്ചതിന് ശേഷമാണ് മിസൈല്‍ പ്രയോഗിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. വളരെ കൃത്യതയോടെ മുങ്ങുന്ന കപ്പലിനെ മിസൈല്‍ തകര്‍ത്തതായി വ്യോമസേന അധികൃതര്‍ അറിയിച്ചു. പഞ്ചാബിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സുഖോയ് വിമാനം വായുവില്‍ ഇന്ധനം നിറച്ച ശേഷമാണ് പരീക്ഷണത്തിലേക്ക് കടന്നത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വ്യോമസേന ആദ്യമായി സുഖോയ് -30 എംകെഐ യുദ്ധവിമാനത്തില്‍ നിന്ന് ബ്രഹ്‌മോസ് മിസൈലിന്റെ വ്യോമപരീക്ഷണം വിജയകരമായി പരീക്ഷിച്ചിരുന്നു. കടലിലെയോ കരയിലെയോ ഏതെങ്കിലും ലക്ഷ്യസ്ഥാനത്ത് പകലും രാത്രിയിലും എല്ലാ കാലാവസ്ഥയിലും വളരെ കൃത്യതയോടെ ആക്രമിക്കാന്‍ ബ്രഹ്‌മോസ് മിസൈലുകള്‍ക്കാകും. 40 ഓളം സുഖോയ് യുദ്ധവിമാനങ്ങളിലാണ് വ്യോമസേന ബ്രഹ്‌മോസ് മിസൈലുകള്‍ ഘടിപ്പിക്കുന്നത്.