ലോസ്ആഞ്ചലസ് : ഹോളിവുഡ് നടി സ്കാർലെറ്റ് ജൊഹാൻസണും കൊമേഡിയനായ കോളിൻ ജോസ്റ്റും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു 35 കാരിയായ സ്കാർലെറ്റും 38 കാരനായ കോളിനും ഒന്നിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
2008ലാണ് സ്കാർലെറ്റ് നടൻ റയാൻ റെയ്നോൾഡ്സിനെ വിവാഹം ചെയ്തത്. 2011ൽ ഇരുവരും വേർപിരിഞ്ഞു. തുടർന്ന് 2014ൽ ഫ്രഞ്ച് പരസ്യകമ്പനി ഉടമയായ റൊമെയ്ൻ ഡ്യൂറിയാകും സ്കാർലെറ്റും വിവാഹിതരായെങ്കിലും 2017ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ റോസ് എന്ന് പേരുള്ള മകൾ സ്കാർലെറ്റിനുണ്ട്.
മാർവെൽ സൂപ്പർ ഹീറോ പരമ്പരയായ ‘ അവഞ്ചേഴ്സി’ലെ ബ്ലാക്ക് വിഡോ അഥവാ നടാഷ റോമനോഫ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും നിരവധി ആരാധകരാണ് സ്കാർലെറ്റിനുള്ളത്. മാർവെലിന്റ തന്നെ ചിത്രമായ ‘ ബ്ലാക്ക് വിഡോ ‘യിൽ സ്കാർലെറ്റ് ആണ് കേന്ദ്ര കഥാപാത്രം. ചിത്രം അടുത്ത വർഷം റിലീസാകും. മാര്യേജ് സ്റ്റോറി, ജോജോ റാബിറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കഴിഞ്ഞ ഓസ്കാറിൽ സ്കാർലെറ്റിന് രണ്ട് നോമിനേഷനുകൾ ലഭിച്ചിരുന്നു.