പാറ്റ്ന: ദുർഗ്ഗാപൂജയുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തിന്റെ പേരിൽ ജില്ലാ മജിസ്ട്രേറ്റ് രാജേഷ് മീണ, മുംഗേർ പോലീസ് സൂപ്രണ്ട് ലിപി സിംഗ് എന്നിവരെ തെരഞ്ഞെടുപ്പു കമ്മീഷൻ നീക്കം ചെയ്തു. കലാപത്തിൽ പോലീസ്സ് സ്റ്റേഷനുകൾക്കും ഔട്ട്പോസ്റ്റുകൾക്കും തീയിടുകയും എസ്പി ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തു.
ആഘോഷത്തിനിടെയുണ്ടായ കലാപത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മഗധ ഡിവിഷണൽ കമ്മീഷണർ അസംഗ്ബ ചുബയോട് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു.
പുരാബ് സരായി, ബസുദേവ്പുർ പോലീസ് സ്റ്റേഷനുകൾക്കാണ് അക്രമികൾ തീയിട്ടത്. പോലീസുകാർ ഓടിരക്ഷപ്പെട്ടു. കോട്വാലി, കാസിം ബസാർ സ്റ്റേഷനുകൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ആകാശത്തേക്കു വെടിയുതിർത്തതിനാൽ അക്രമികൾ പിരിഞ്ഞുപോയി. സംഘർഷാവസ്ഥ നിലനിൽക്കുന്ന മുംഗേറിൽ കൂടുതൽ സേനയെ വിന്യസിച്ചു.