കൊറോണയിൽ അടിപതറി ലോകരാഷ്ട്രങ്ങൾ; മാന്ദ്യം മറികടക്കാൻ കേന്ദ്ര ബാങ്കുകൾ സ്വർണം വൻതോതിൽ വിറ്റഴിച്ചു

ലണ്ടൻ: കൊറോണ മൂലമുണ്ടായ ആഘാതത്തെ മറികടക്കാൻ 2010നുശേഷം ഇതാദ്യമായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വൻതോതിൽ വിറ്റഴിച്ചു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുപ്രകാരം മൂന്നാം പാദത്തിൽ 12.1 ടൺ സ്വർണമാണ് വിറ്റത്. മൂൻവർഷത്തെ ഇതേപാദത്തിൽ 141.9 ടൺ സ്വർണം വാങ്ങിയ സ്ഥാനത്താണിത്.

ഉസ്ബെകിസ്താൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നുവില്പന. റഷ്യയിലെ കേന്ദ്ര ബാങ്കും 13 വർഷത്തിനിടെ ആദ്യമായി സ്വർണം വിറ്റഴിച്ചു. തുർക്കിയിലെയും ഉസ്ബെക്കിലെയും കേന്ദ്ര ബാങ്കുകൾ യഥാക്രമം 22.3 ഉം 34.9ഉം ടൺ സ്വർണമാണ് വിറ്റത്. വിപണിയിൽ വില ഉയർന്നുനിൽക്കുന്നതിനാൽ രാജ്യങ്ങൾ കാര്യമായ നേട്ടമുണ്ടാക്കുകയും ചെയ്തു.

ഇടിഎഫിലെ നിക്ഷേപ വർധന നടപ്പുവർഷം സ്വർണത്തിന്റെ ആവശ്യകതവർധിക്കാൻ സഹായിച്ചിരുന്നു. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതും മുൻവർഷങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടാൻ സഹായിച്ചിരുന്നു.

സ്വർണവില എക്കാലത്തെയും ഉയരംകുറിച്ചതോടെ വിപണിയിൽ ആവശ്യകത കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു. നിലവിൽ 2009നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണത്തിന്റെ ആവശ്യകത ഇപ്പോഴുള്ളത്. ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്കുള്ള ഡിമാൻഡ് പകുതിയായി. ചൈനയിലെ സ്വർണാഭരണ ഉപഭോഗത്തിലും വൻ ഇടിവുണ്ടായി.

കൊറോണ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയിട്ടും ഖനികളുടെ നാടായ ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിൽനിന്നുള്ള സ്വർണത്തിന്റെ വിതരണത്തിൽ മൂന്നുശമതാനമാണ് കുറവ് രേഖപ്പെടുത്തിയത്.