ചെന്നൈ: മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയിൽ സിനിമയിൽ അഭിനയിക്കരുതെന്ന് നടൻ വിജയ് സേതുപതിയോട് ആവശ്യപ്പെട്ട സംവിധായകനുനേരെ ഭീഷണിയെന്ന് പരാതി. വിജയ് സേതുപതിയുടെ മകൾക്കു നേരെയുണ്ടായതുപോലെ തനിക്കെതിരെയും ഭീഷണി ഉയരുകയാണ്. ഭീഷണി സന്ദേശം ലഭിച്ചു. അശ്ലീല മെസേജുകൾ കൊണ്ട് വാട്‌സ് ആപ് തുറക്കാൻ പോലുമാകുന്നില്ല’-അദ്ദേഹം പറഞ്ഞു.
തന്റെ ജീവന് ഭീഷണിയുണ്ടെന്നു മുഖ്യമന്ത്രി സഹായിക്കണമെന്നും സംവിധായകൻ ആർ സീനുരാമസ്വാമി ട്വീറ്റ് ചെയ്തു. മുത്തയ്യ മുരളീധരൻ വഞ്ചകനാണെന്നാണ് ഒരുവിഭാഗം പറയുന്നത്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം അവസാനിച്ചപ്പോൾ മുത്തയ്യ സർക്കാറിനെ പുകഴ്ത്തിയെന്നും ഒരുവിഭാഗം പറയുന്നു. എന്നാൽ, നിരപരാധികളെ കൊലപ്പെടുത്തുന്നതിനെ താൻ അനുകൂലിച്ചിട്ടില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
നേരത്തെ മുത്തയ്യ മുരളീധരനായി വിജയ് സേതുപതി വേഷമിടുന്നുവെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകൾക്കെതിരെ ഭീഷണിയുണ്ടായിരുന്നു. തുടർന്ന് മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരം വിജയ് സേതുപതി ചിത്രത്തിൽ നിന്ന് പിന്മാറി. പ്രശസ്ത സംവിധായകൻ ഭാരതിരാജയടക്കമുള്ളവർ ചിത്രത്തിൽ നിന്ന് പിന്മാറാൻ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടിരുന്നു.