ദുബൈ: ദുബൈ സ്പോര്‍ട്സ് സിറ്റിയില്‍ ലോകോത്തര സ്പോര്‍ട്സ് ഹബ് സ്ഥാപിച്ച് സ്പാനിഷ് ലീഗ് നടത്തിപ്പുകാരായ ലാ ലിഗ. യുഎഇയിലെ കായിക താരങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് സ്പോര്‍ട്സ് കൗണ്‍സിലിെന്റ സഹകരണത്തോടെ സ്ഥാപിച്ച ഹബ് ദുബൈ സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ലോഞ്ച് ചെയ്തു. പ്രധാനമായും ഫുട്ബാളിന് മുന്‍ഗണന നല്കുന്ന ഹബില്‍ ക്രിക്കറ്റിനും പരിശീലന സൗകര്യമുണ്ടാകും. മിഡില്‍ ഈസ്റ്റിലെ മികച്ച സെന്ററായിരിക്കുമിത്.
അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പരിശീലനം.എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് അവസരം നല്‍കും. അക്കാദമി, ഹൈ പെര്‍ഫോമന്‍സ് സെന്റര്‍, സ്പോര്‍ട്സ് സയന്‍സ് എന്നിവയുണ്ടാവും. അന്താരാഷ്ട്ര, പ്രാദേശിക മത്സരങ്ങള്‍ നടത്താന്‍ കഴിയും. താരങ്ങളുടെ കായികക്ഷമത കാത്തുസൂക്ഷിക്കാനും ചികിത്സ നല്‍കാനുമുള്ള സൗകര്യമുണ്ട്. സ്പാര്‍ട്സ് സയന്‍സ് ക്ലിനിക് ഡിസംബറില്‍ തുറക്കും.
ചില ദേശീയ ടീമുകളും അന്താരാഷ്ട്ര ക്ലബുകളും ഇവിടെ പരിശീലനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ത്യ, ജപ്പാന്, ചൈന, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബാള്‍ താരങ്ങള്‍ ഇവിടെയെത്തും. സ്പാനിഷ് ലീഗിെന്റ പരിശീലന രീതികളാവും ഇവിടെയും പിന്തുടരുക. നിലവിലുള്ള ലാ ലിഗ അക്കാദമിയുടെയും ലാ ലിഗ എച്ച്.പി.സിയുടെയും പ്രവര്‍ത്തനം ഇവിടെ തുടരും. ഫുട്ബാള്‍ ലോകത്തെ ദുബൈയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സഈദ് ഹരെബ് പറഞ്ഞു.
അടുത്തവര്‍ഷം തുടക്കത്തില്‍ ലോകോത്തര ടീമുകള്‍ പങ്കെടുക്കുന്ന ലാ ലിഗ അണ്ടര്‍ 14 ഇന്റര്‍നാഷനല്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ദുബൈയില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. യുഎഇയിലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണെമന്റ് സംഘടിപ്പിക്കുന്നതെന്ന് ലാ ലിഗ മിഡില്‍ ഈസ്റ്റ് മാനേജിങ് ഡയറക്ടര്‍ മയ്റ്റെ വെന്ചൂറ പറഞ്ഞു. ലാ ലിഗയിലെ മുന്‍നിര ക്ലബുകളിലെ കുട്ടികളായിരിക്കും പങ്കെടുക്കുക. ഇതോടൊപ്പം ദുബൈ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ ക്ലബുകളും ജപ്പാന്, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ടീമുകളും പങ്കെടുക്കും.