തൃശൂര്‍ : കോഫീഹൗസ് ജീവനക്കാർ ജീവനക്കാർ മാസങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. ഇന്ത്യാ കോഫീ ബോര്‍ഡ് തൊഴിലാളി സഹകരണ സംഘത്തിനു കീഴിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് മൂന്നുമാസമായി. തൃശൂര്‍ മുതല്‍ തിരുവനന്തപുരംവരെ 56 കോഫീഹൗസുകളിലെ 2350 ജീവനക്കാരാണ് മാസങ്ങളായി ശമ്പളമില്ലാതെ തൊഴിലെടുക്കുന്നത്.
ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് 62 വര്‍ഷം പിന്നിട്ട ഈ സഹകരണ പ്രസ്ഥാനത്തെ തകര്‍ച്ചയിലെത്തിച്ചതെന്ന് ആക്ഷേപം ശക്തമാകുകയാണ്. ലോക്ഡൗണ്‍ തുടങ്ങുംമുമ്പേ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും വായ്പയെടുത്ത് ഭരണാധികാരികള്‍ ധൂര്‍ത്ത് തുടരുകയായിരുന്നു.
ആദ്യം ജീവനക്കാരുടെ ആനുകൂല്യം ഇല്ലാതാക്കി. ശമ്പളത്തില്‍നിന്ന് പിടിക്കുന്ന പിഎഫ്, ഗ്രാറ്റുവിറ്റി
തുക വകമാറ്റി. ഉപഭോക്താക്കളില്‍നിന്ന് ജിഎസ്ടി ഇനത്തില്‍ പിരിച്ചെടുത്ത വന്‍ തുകയും അടച്ചിട്ടില്ല. നികുതിയടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതില്‍ റെവന്യൂ റിക്കവറി ഉള്‍പ്പെടെ നടപടികളിലേക്ക് നീങ്ങുന്നതായാണ് സൂചന.
ജൂണ്‍മുതല്‍ ശമ്പളം പകുതിയാക്കി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.
ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ പകുതി ശമ്പളം നല്‍കിയില്ല. അതേസമയം, ഭക്ഷ്യസാധനങ്ങള്‍ക്ക് വില ഉയര്‍ത്തുകയും ചെയ്തു. സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും രണ്ടുമാസം മുമ്പ് ധനലക്ഷ്മി ബാങ്കില്‍നിന്ന് കോടികളുടെ വായ്പയെടുത്തു. എന്നാല്‍ ചെറിയ തുകപോലും ജീവനക്കാരുടെ ശമ്പളത്തിന് മാറ്റിവച്ചില്ല. ഇതിനിടെ നിരവധിപേര്‍ സര്‍വീസില്‍നിന്ന് പിരിഞ്ഞുപോയെങ്കിലും അവര്‍ക്കൊന്നും ആനുകൂല്യം നല്‍കിയിട്ടില്ല.