ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ബാഴ്സലോണയെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ്

ബാഴ്സലോണ: സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണയെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. ബാഴ്സയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം.

ലാലിഗയിൽ ബാഴ്സയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ എൽ ക്ലാസിക്കോയിൽ തന്നെ ബാഴ്സ പരിശീലകൻ റൊണാൾഡ് കോമാന് നിരാശയായി ഫലം.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഫെഡെറിക്കോ വാൽവെർദെയിലൂടെ റയൽ മുന്നിലെത്തി. കരീം ബെൻസേമയുടെ പാസിൽ നിന്നായിരുന്നു വാൽവെർദെയുടെ ഗോൾ.

പിന്നാലെ എട്ടാം മിനിറ്റിൽ തന്നെ ബാഴ്സയുടെ സമനില ഗോൾ വന്നു. ജോർഡി ആർബയുടെ ക്രോസ് യുവതാരം അൻസു ഫാത്തി കൃത്യമായി വലയിലെത്തിച്ചു. ഇതോടെ എൽ ക്ലാസിക്കോയിൽ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഫാത്തി സ്വന്തമാക്കി.

ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഇതോടൊപ്പം മത്സരത്തിന്റെ വേഗവും കുറഞ്ഞു.

63-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സെർജിയോ റാമോസ് റയലിന് ലീഡ് നൽകി. ബാഴ്സ താരം തന്നെ ബോക്സിൽ വലിച്ചിട്ടെന്ന റാമോസിന്റെ വാദത്തെ തുടർന്ന് വാർ പരിശോധിച്ച റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു

റയൽ ലീഡെടുത്തതോടെ സമനില ഗോൾ കണ്ടെത്താൻ ബാഴ്സ ശ്രമങ്ങൾ തുടങ്ങി. അവസരങ്ങൾ പലതും ലഭിച്ചിട്ടും പന്ത് വലയിലെത്തിക്കാൻ ബാഴ്സ താരങ്ങൾക്കായില്ല. 90-ാം മിനിറ്റിൽ റോഡ്രിഗോയുടെ ഗോൾ ശ്രമം തടയാനുള്ള ബാഴ്സ ഗോൾകീപ്പർ നെറ്റോയുടെ ശ്രമമാണ് റയലിന്റെ മൂന്നാം ഗോളിൽ കലാശിച്ചത്. നെറ്റോ സേവ് ചെയ്ത പന്ത് ലഭിച്ച ലൂക്ക മോഡ്രിച്ചിന് അത് ആളില്ലാത്ത പോസ്റ്റിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.

നെറ്റോയുടെ തകർപ്പൻ സേവുകളാണ് പലപ്പോഴും ബാഴ്സയുടെ രക്ഷയ്ക്കെത്തിയത്. ജയത്തോടെ 13 പോയന്റുമായി റയൽ ലാ ലിഗ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. ഏഴു പോയന്റ് മാത്രമുള്ള ബാഴ്സ പത്താം സ്ഥാനത്താണ്