പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ബിഹാറില്‍ സ്ഥാനാര്‍ഥി അക്രമികളുടെ വെടിയേറ്റു മരിച്ചു. ഷിയോഹര്‍ മണ്ഡലത്തില്‍നിന്നും മത്സരിക്കുന്ന ജനതാദള്‍ രാഷ്ട്രവാദി നേതാവ് നാരായണ്‍ സിംഗ് ആണ് വെടിയേറ്റു മരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരാണത്തിനിടെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ നാരായണ്‍ സിംഗിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച ഹത്സാര് ഗ്രാമത്തില്‍ പ്രചാരണം നടത്തിക്കൊണ്ടിരിക്കെയാണ് ജനതാദള്‍ രാഷ്ട്രവാദി നേതാവ് കൂടിയായ നാരായണ്‍ സിംഗിന് വെടിയേറ്റത്.
നെഞ്ചിനു വെടിയേറ്റ നാരായണ്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.വെടിവയ്പില്‍ നാരായണ്‍ സിംഗിന്റെ രണ്ട് അനുയായികള്‍ക്കും പരിക്കേറ്റു. 24 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് നാരായണ്‍ സിംഗ്.
ഷിയോഹര്‍ ജില്ലയിലെ ദുമ്രി കത്സ്രി പ്രവിശ്യയിലെ നയാഗാവ് സ്വദേശിയാണ് നാരായണ്‍ സിംഗ്. നാരായണ്‍ സിംഗ് നയാഗാവ് പഞ്ചായത്ത് പ്രസിഡന്റായും ദുമ്രി കത്സ്രി ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.