മുംബൈ: മയക്കുമരുന്ന് വാങ്ങുന്നതിനിടെ ടെലിവിഷൻ താരം മുംബൈയിൽ അറസ്റ്റിലായി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ഹിന്ദി നടിയായ പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ വാങ്ങി.
സാവദാൻ, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളിൽ പ്രീതിക അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണത്തിന് ശേഷം ബോളിവുഡ് കേന്ദ്രീകരിച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൻ്റെ ഭാഗമായാണ് നടിയുടെ അറസ്റ്റ്.
ഇവരെ കൂടാതെ മറ്റ് നാല് പേർ കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കൂടുതൽ വിവരങ്ങൾ ഏജൻസി പുറത്ത് വിട്ടിട്ടില്ല. നേരത്തെ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്തിരുന്നു.
അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിൻ്റെ മരണശേഷം നടന്ന മയക്കുമരുന്ന് അന്വേഷണത്തിൻ്റെ പശ്ചാത്തലത്തിലാണ് ലഹരിമരുന്ന് വേട്ട എൻസിബി ശക്തമാക്കിയിരിക്കുന്നത്. കേസിലെ പ്രതികളുടെ എല്ലാ ബന്ധങ്ങളും എൻസിബി ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
റിയ ചക്രവർത്തിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഇഡി വീണ്ടെടുത്തതോടെയാണ് ബോളിവുഡിൻ്റെ മയക്കുമരുന്ന് ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയത്. ഇക്കാര്യം അന്വേഷിക്കാൻ ഇഡി എൻസിബിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ നിരവധി ബോളിവുഡ് താരങ്ങൾ എൻസിബിയുടെ നിരീക്ഷണത്തിലായി. നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ദ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ് എന്നിവരെ കേസിൽ ചോദ്യം ചെയ്തിരുന്നു.