പത്തുവിക്കറ്റി​ന് ചെ​ന്നൈയുടെ പതനം മുംബൈ പൂർണമാക്കി

ഷാർജ: പത്തുവിക്കറ്റി​ന് നാണംകെടുത്തി സീസണിൽ ചെ​ന്നൈയുടെ പതനം മുംബൈ പൂർണമാക്കി. പൊരുതാൻ പോലുമാകാതെ ദയനീയമായായിരുന്നു ചെന്നൈയുടെ വൻ പരാജയം.പത്ത്​ കളികളിൽ നിന്നും 14 പോയൻറുമായി മുംബൈ ഒന്നാം സ്ഥാനത്ത്​ എത്തിയപ്പോൾ 11 കളികളിൽ എട്ടുംതോറ്റ ചെന്നൈ ​ പ്ലേ ഓഫ്​ കടക്കില്ലെന്ന്​ ഉറപ്പായി.

116 റൺസിൻ്റെ ചെറിയ​ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ചെന്നൈയോട്​ ഒരു ദയയും കാണിച്ചില്ല. 37 പന്തുകളിൽ നിന്നും 68 റൺസുമായി ഇഷാൻ കിഷനും 37 പന്തുകളിൽ നിന്നും 46 റൺസുമായി ക്വിൻറൻ ഡികോക്കും ആദ്യ വിക്കറ്റിൽ തന്നെ പരിപാടി തീർത്ത്​ ഡ്രെസിങ്​ റൂമിലേക്ക്​ മടങ്ങി. പരിക്കേറ്റ നായകൻ രോഹിത്​ ശർമയുടെ അഭാവത്തിൽ കീറൺ പൊള്ളാർഡാണ്​ മുംബൈ സംഘത്തെ നയിച്ചത്​. മോശം ഫോമിലുള്ള കേദാർ ജാദവിനെയും ഷെയ്​ൻ വാട്​സണെയും പുറത്തിരുത്തിയ ചെന്നൈ ഇമ്രാൻ താഹിറിന്​ ആദ്യമായി അവസരം നൽകി.

മൂന്ന്​ റൺസെടുക്കു​മ്പോഴേക്ക്​ നാലുവിക്കറ്റുകൾ നഷ്​ടമായ ചെന്നൈ ഒരു ഘട്ടത്തിൽ മൂന്നക്ക സ്​കോറിൽ എത്തില്ലെന്ന്​ തോന്നിച്ചെങ്കിലും അവസാനഓവറുകളിൽ ചെറുത്തുനിൽപ്പ്​ നടത്തിയ സാം കറൻ (52) ചെന്നൈയുടെ മാനം രക്ഷിക്കുകയായിരുന്നു. രഥുരാജ്​ ഗെയ്​ക്​വാദ്​ (0), ഡു​െപ്ലസിസ്​ (1), അമ്പാട്ടി റായുഡു (2), എൻ. ജഗദീശൻ (0), എം.എസ്​. ധോണി (16), രവീന്ദ്ര ജദേജ (7) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ സ്​കോറുകൾ.

18 റൺസിന്​ നാലു​വിക്കറ്റെടുത്ത ട്രെൻറ്​ ബോൾട്ടും രണ്ടുവിക്കറ്റ്​ വീതം വീഴ്​ത്തിയ ജസ്​പ്രീത്​ ബുംറയും രാഹുൽ ചഹാറും ചേർന്നാണ്​ ചെന്നൈയെ എറിഞ്ഞുവീഴ്​ത്തിയത്​.