തിരുവനന്തപുരം: കെഎസ്ആർടിസി യുടെ തലപ്പത്തും ‘സ്വപ്ന മോഡൽ ‘കരാർ നിയമനം. ഒന്നര ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ ഫൈനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജരായാണ് കോഴിക്കോട് സ്വദേശിനി 2018 മുതൽ കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിയമനം നേടി വിലസുന്നത്.
സർക്കാരിന്റെ ട്രാൻസ്‌പോർട്ട് വകുപ്പ് തന്നെ അപേക്ഷ നേരിട്ട് സ്വീകരിച്ചാണ് കരാർ വ്യവസ്ഥയിൽ ജനറൽമാനേജരെ നിയമിച്ചത്. ജനറൽ മാനേജർ തസ്തിക മാനേജിങ് ഡയറക്ടറുടെ കീഴിലാണെങ്കിലും സർക്കാർ സ്വാധീനത്തിന്റെ മറവിൽ കോർപ്പറേഷൻ ഭരണത്തിലും സാമ്പത്തിക ഇടപാടിലും നിർണായക സ്വാധീനം ഈ കരാർകാരിക്കുണ്ടെന്ന് ജീവനക്കാർ ഒരുപോലെപറയുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കെഎസ്ആർടിസി സ്റ്റാഫ് വാഹനത്തിൽ കോഴിക്കോട് യാത്ര പതിവാണ്. ഇതിനു തന്നെ വലിയൊരു തുക ചെലവിടുന്നതായി ആക്ഷേപമുണ്ട്.
നാളിതുവരെ കെഎസ്ആർടിസി ചീഫ് അക്കൗണ്ട്സ് ഓഫീസറുടെ ചുമതലയുള്ള പ്രസ്തുത തസ്തികയിൽ കേന്ദ്രസർക്കാർ ഓഡിറ്റ് വകുപ്പിലെ ഐഎ, എഓ ഉദ്യോഗസ്ഥനെയോ ഫിനാൻസ് വകുപ്പ് ഉദ്യോഗസ്ഥനെയോ ആണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചിരുന്നത്.
എക്സിക്യൂട്ടീവ് ഡയറക്ടർമാരെ ജീവനക്കാരിൽനിന്ന് പ്രമോഷൻ അടിസ്ഥാനത്തിൽ നിയമനം നൽകുമ്പോൾപോലും ധനകാര്യ വിഭാഗം കൈകാര്യം ചെയ്യാൻ കരാർ ഉദ്യോഗസ്ഥയെ സർക്കാർ തന്നെ മുൻകൈയ്യെടുത്ത് നേരിട്ട് നിയമിച്ചത് ആസൂത്രിതമായാണെന്ന് ഏറെ നാളായി ആക്ഷേപമുണ്ട്.
കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ട്രാൻസ്‌പോർട്ട് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഐ ഐ എമ്മിലോ, സമാന ഇൻസ്റ്റിറ്റ്യൂട്ട്കളിലോ നിന്നുള്ള എംബിഎ ബിരുദവും ബിരുദം നേടിയ ശേഷം ഉന്നത സ്ഥാപനത്തിൽ മാനേജ്മെന്റ് ലെവലിൽ പതിനഞ്ചുവർഷത്തെ പ്രവർത്തി പരിചയവുമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ നിയമനം ലഭിച്ച ഇവർക്ക് പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് 2012 ൽ കറസ്പോണ്ടൻസ് കോഴ്സിൽ എംബിഎ പാസ്സായ ബിരുദമാണുള്ളത്. ഇതിൽ നിന്നുതന്നെ വിജ്ഞാനപ്രകാരമുള്ള 15 വർഷത്തെ പ്രവർത്തിപരിചയമില്ലത്തയാളാണെന്ന് വ്യക്തമാണ്.
യോഗ്യതകൾ മറച്ചുവച്ച് സർക്കാർ നേരിട്ട് നടത്തിയ നിയമനം ക്രമവിരുദ്ധമായതുകൊണ്ട് മേൽ വിഷയത്തിൽ ശക്തമായ തുടർനടപടി സ്വീകരിക്കണമെന്ന് വിശദീകരിച്ച് കഴിഞ്ഞ മാർച്ച് മാസം രണ്ടിന് ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം പി ദിനേശ് ട്രാൻസ്‌പോർട്ട് സെക്രട്ടറിക്ക് കത്ത് അയച്ചുവെങ്കിലും ബന്ധപ്പെട്ട ഫയൽ ട്രാൻസ്‌പോർട്ട് മന്ത്രിയുടെ നിർദ്ദേശാനുസരണം തീരുമാനം കൈകൊള്ളാതെ മാറ്റിവച്ചിരിക്കുകയാണ്.
കരാർ ഉദ്യോഗസ്ഥ അയോഗ്യായാണെന്ന കത്ത് സർക്കാരിനയച്ച് ഏതാനും ആഴ്ചക്കുള്ളിൽ തന്നെ ദിനേശിന് സ്ഥാനം ഒഴിയേണ്ടതായി വന്നു. അതിനിടെ
പുതുതായി ചുമതലയേറ്റ മാനേജിങ് ഡയറക്ടർ ബിജു പ്രഭാകരൻ ഈ കരാർ ഉദ്യോഗസ്ഥയ്ക്ക് ഓഗസ്റ്റ് 8 മുതൽ മറ്റൊരു ഡെപ്യൂട്ടി ജനറൽ മാനേജരുടെ ചുമതലയിലായിരുന്ന ദിവസ കളക്ഷന്റെയും കമ്പ്യൂട്ടർവൽക്കരണത്തിന്റെ അധിക ചുമതലകൂടി നൽകി ഉത്തരവിട്ടിരിക്കുകയാണ്.
നഷ്ടത്തിലോടുന്ന, കെഎസ്ആർടിസി ബസ്സുകളിൽ ഘടിപ്പിക്കുന്നതിനു ജിപിഎസ് വാങ്ങാൻ 17 കോടി രൂപഅനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് വരുന്നതിന്റെ മുന്നോടിയായാണ് യാതൊരു കമ്പ്യൂട്ടർ പരിജ്ഞാനവുമില്ലാത്ത കരാർ ഉദ്യോഗസ്ഥയ്ക്ക് അധിക ചുമതല നൽകികൊണ്ട് ഡയറക്ടർ ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള ചുമതല ഒരു സഹകരണ സ്ഥാപനത്തിനെയായിരിക്കും ഏൽപ്പിക്കുക.
ട്രാൻസ്‌പോർട് മന്ത്രിയുടെയും ഉന്നതനായ മറ്റൊരു സിപിഎം മന്ത്രിയുടെയും ബിനാമിയായാണ് ഈ കരാർ ഉദ്യോഗസ്ഥ പ്രവർത്തിക്കുന്നതെന്നും യാതൊരു ഉത്തരവാദിത്തവുമില്ലാത്ത താൽക്കാലിക കരാർ ജീവനക്കാരിയെ ഉയർന്ന തസ്തികയിൽ നിയമനം നൽകിയിയിരിക്കുന്നതും ബസ്സുകളുടെ സ്പെയർ പാർട്ട്സ്, ഓയിൽ കമ്പനി കളുമായുള്ള ഇടപാടുകൾ എന്നിവയുടെ കോടിക്കണക്കിനുരൂപയുടെ ടെണ്ടർ ചുമതല ഏൽപ്പിച്ചിരിക്കുന്നതും ഗുരുതര വീഴ്ചയാണെന്നും ജീവനക്കാർ ചൂണ്ടികാട്ടുന്നു.
ഈ ഉദ്യോഗസ്ഥയുടെ യോഗ്യത, മുൻ പരിചയം, എന്നിവ സംബന്ധിച്ചു വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിരുന്നുവെങ്കിലും കാലാവധി കഴിഞ്ഞിട്ടും മറുപടി നൽകാൻ മാനേജ്മെന്റ് തയ്യാറല്ല.