Home State വീടു പൊളിക്കാൻ കോർപ്പറേഷൻ; ചട്ടം ലംഘിച്ചിട്ടില്ല; നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല: കെ എം ഷാജി

വീടു പൊളിക്കാൻ കോർപ്പറേഷൻ; ചട്ടം ലംഘിച്ചിട്ടില്ല; നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല: കെ എം ഷാജി

0

കോഴിക്കോട്: വീട് പൊളിക്കണമെന്ന കോർപ്പറേഷന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെ എം ഷാജി എംഎൽഎ. നഗരസഭയിൽ അന്വേഷിച്ചപ്പോഴും വിവരം കിട്ടിയില്ല. വീട് പൊളിക്കുമെന്നത് തമാശമാത്രമായി കാണുന്നു. കെട്ടിട നിർമ്മാണച്ചട്ടം ലംഘിച്ചതിനെ തുടർന്ന് കെഎം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീട് പൊളിച്ചു മാറ്റണമെന്ന് കോർപ്പറേഷൻ നോട്ടീസ് നൽകിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഷാജി. കെ എം ഷാജിയുടെ ഭാര്യ കെ എം ആശയുടെ പേരിലാണ് മാലൂർക്കുന്നിലെ വീട്.

കെട്ടിടനിർമ്മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും വീട് നിർമ്മാണം പൂർത്തിയാക്കിയിട്ടില്ലെന്നും ഷാജി പറഞ്ഞു. ഇപ്പോഴത്തെ നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നാണ് എംഎൽഎയുടെ ആരോപണം. വിശദീകരണം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയവും നൽകിയിട്ടുണ്ട്. പിഴ അടച്ചും പുതുക്കിയ പ്ലാൻ സമർപ്പിച്ചും പൊളിക്കൽ നടപടിയിൽ നിന്ന് കെ എം ഷാജിക്ക് ഒഴിവാകാം.

ഷാജി കോഴ വാങ്ങിച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിൻെ നിർദ്ദേശപ്രകാരം കോഴിക്കോട് കോർപറേഷൻ നടത്തിയ പരിശോധനയിലാണ് കെട്ടിട നിർമ്മാണച്ചട്ടത്തിൽ ക്രമക്കേട് കണ്ടെത്തിയത്. 3000 ചതുരശ്ര അടി വരെ വീടിനായിരുന്നു അനുമതി. എന്നാൽ ഷാജി വീട് നിർമ്മിച്ചത് 5500 ചതുരശ്ര അടിയിലാണെന്ന് അളവെടുപ്പിൽ കണ്ടെത്തി.കൂടാതെ രണ്ട് നിലയ്ക്കുള്ള അനുമതിയിൽ മൂന്ന് നില വീട് നിർമ്മിച്ചു.

3000 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക് ആഢംബര നികുതിയില്ല. കേരളാ മുൻസിപാലിറ്റി നിയമം 406, ഒന്ന് പ്രകാരമാണ് പൊളിച്ചുമാറ്റാനുള്ള കോർപ്പറേഷൻ്റെ നോട്ടീസ്.

2016-ൽ പൂർത്തിയാക്കിയ പ്ലാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമാണം ക്രമവത്കരിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനാൽ വീടിന് നമ്പർ ലഭിച്ചിട്ടില്ല. മൂന്നാം നിലയിലാണ് അധികനിർമാണം നടത്തിയതെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here