ന്യൂഡെല്‍ഹി: കൊറോണ വാക്സിൻ സംഭരിച്ച് വിതരണം ചെയ്യാൻ ഏകീകൃത സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ. ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയിലൂടെ കൊറോണ വൈറസിനെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങള്‍ കേന്ദ്രം തുടങ്ങി. വാക്‌സീന്‍ ലഭ്യമായിക്കഴിഞ്ഞാല്‍ പ്രത്യേക കൊറോണ വാക്‌സിനേഷന്‍ പ്രോഗ്രാമിലൂടെയാകും വിതരണം. കേന്ദ്രം വാക്‌സീന്‍ നേരിട്ടു സംഭരിച്ച് മുന്‍ഗണനാക്രമത്തില്‍ വിതരണം ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നതെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുന്ന വാക്‌സീന്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍ വഴി ലഭ്യമാക്കുകയാണ് ചെയ്യുക. കോടിക്കണക്കിനു രൂപ, ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍, വൊളന്റിയര്‍മാര്‍, സംഭരണ- വിതരണ പ്രവര്‍ത്തനം, മറ്റു സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ വന്‍ തയാറെടുപ്പാണ് 130 കോടി ജനങ്ങള്‍ക്കു വാക്‌സീന്‍ എത്തിക്കാനായി അണിയറയില്‍ നടക്കുന്നത്.
വാക്‌സീന്‍ കുത്തിവയ്പ് നല്‍കുന്നവര്‍ക്കു പരിശീലനം നല്‍കാനായി ഓണ്‍ലൈന്‍ സംവിധാനമൊരുക്കും. ഇലക്‌ട്രോണിക് വാക്‌സീന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് വഴി വാക്‌സീന്റെ സ്‌റ്റോക്ക്, ഏതു താപനിലയില്‍ സൂക്ഷിച്ചിരിക്കുന്നു തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാകും. വാക്‌സീന്‍ സ്വന്തം നിലയ്ക്കു ശേഖരിക്കാനുള്ള ഒരു നീക്കവും പാടില്ലെന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണു സൂചന.
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സീന്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിനു (യുഐപി) വേണ്ടി നിലവിലുള്ള ഡിജിറ്റല്‍ സംവിധാനവും നടപടിക്രമങ്ങളും കൊറോണ വാക്‌സീന്‍ വിതരണത്തിനും ഉപയോഗപ്പെടുത്തും. ശേഖരണം, സംഭരണം, വിതരണം എന്നിവയ്ക്കും ഇതേ മാര്‍ഗം തന്നെയാവും ഉപയോഗിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.