മുത്തയ്യ മുരളീധരൻ്റെ ജീവചരിത്ര സിനിമയായ ‘800’ൽ നിന്ന് വിജയ് സേതുപതി പിന്മാറി

ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ്റെ ജീവചരിത്ര സിനിമയായ ‘800’ൽ നിന്ന് തമിഴ് നടൻ വിജയ് സേതുപതി പിന്മാറി എന്ന് റിപ്പോർട്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപിച്ചതിനു പിന്നാലെ വിജയ് സേതുപതിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നീക്കം.

മുത്തയ്യ മുരളീധരൻ്റെ ആവശ്യപ്രകാരമാണ് താരം പിന്മാറിയതെന്നും റിപ്പോർട്ടുണ്ട്. തമിഴരെ രണ്ടാം കിട പൗരന്മാരായാണ് ശ്രീലങ്കൻ ജനത കണക്കാക്കുന്നത്. അങ്ങനെ ഒരു രാജ്യത്ത് നിന്നുള്ള ക്രിക്കറ്ററുടെ വേഷത്തിൽ തമിഴ് നടൻ വിജയ് സേതുപതി അഭിനയിക്കുന്നു എന്ന കാരണത്താലാണ് തമിഴ്നാട്ടിൽ പ്രതിഷേധം കനത്തത്. തമിഴ് വംശജനാണെങ്കിലും ശ്രീലങ്കയിൽ തമിഴ് വംശഹത്യക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ അനുയായിയാണ് മുരളീധരൻ. ഇതും പ്രതിഷേധങ്ങൾക്ക് കാരണമായി.

മുരളി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ തൻ്റെ വാർത്താകുറിപ്പ് പങ്കുവച്ചിട്ടുണ്ട്. എന്നാൽ, സേതുപതി പിന്മാറിയെന്ന വിവരം അണിയറ പ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ അതുണ്ടാവുമെന്നാണ് സൂചന.“ചില ആളുകളിൽ നിന്ന് വിജയ് സേതുപതിക്ക് വളരെയധികം സമ്മർദ്ദം ഉണ്ടാവുന്നതായി ഞാൻ മനസ്സിലാക്കുന്നു.

ചിലയാളുകൾക്ക് എന്നോടുള്ള തെറ്റിദ്ധാരണ മൂലം ഒരു നടൻ ഇങ്ങനെ കുഴപ്പത്തിൽ ചാടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭാവിയിൽ അദ്ദേഹത്തിന് ഇതുവഴി ഒരു പ്രശ്നം ഉണ്ടാവാനും ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അദ്ദേഹത്തോട് ചിത്രത്തിൽ നിന്ന് മാറിനിൽക്കാൻ ഞാൻ ആവശ്യപ്പെടുന്നു”- വാർത്താകുറിപ്പിൽ മുരളീധരൻ പറയുന്നു. വിജയ് സേതുപതി ഈ വാർത്താകുറിപ്പ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.