ഗെയ്‌ലിൻ്റെ സിക്സര്‍ പൂരത്തിൽ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്

ദുബായ്: ഐപിഎല്ലില്‍ ‘യൂണിവേഴ്‌സ് ബോസ്’ വീണ്ടും അവതരിക്കുകയായിരുന്നു പതിവ്‌ ശൈലിയില്‍. തന്‍റെ മുന്‍ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി ഗെയ്‌ല്‍ സിക്സര്‍ പൂരത്തിന് തുടക്കമിട്ടപ്പോള്‍ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മറ്റൊരു താരത്തിന് ആഗ്രഹിക്കാന്‍ പോലും കഴിയാത്ത നേട്ടമാണ് ഗെയ്‌ല്‍ കീശയിലാക്കിയത്.

ടി20 ക്രിക്കറ്റില്‍ ബൗണ്ടറിയിലൂടെ മാത്രം 10000 റണ്‍സ് നേടിയ ആദ്യ താരമെന്ന നേട്ടമാണ് വിന്‍ഡീസ് വെടിക്കെട്ടുവീരന്‍ സ്വന്തമാക്കിയത്. ഇതില്‍ 1027 ഫോറുകളും 982 സിക്‌സുകളും ഉള്‍പ്പെടും. വിന്‍ഡീസിന്‍റെ തന്നെ കീറോണ്‍ പൊള്ളാര്‍ഡും പാകിസ്ഥാന്‍റെ ഷൊയ്‌ബ് മാലിക്കും മാത്രമാണ് ടി20യില്‍ പതിനായിരം റണ്‍സ് തികച്ച മറ്റ് താരങ്ങള്‍ എന്നറിയുമ്പോള്‍ ബൗണ്ടറികളിലൂടെ മാത്രം പതിനായിരം ക്ലബിലെത്തിയ ഗെയ്‌ലിന്‍റെ മഹിമ വ്യക്തം.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനായി വണ്‍ഡൗണായാണ് ഗെയ്‌ല്‍ ഇറങ്ങിയത്. 25 പന്തില്‍ 45 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ പുറത്തായ ശേഷമായിരുന്നു ഗെയ്‌ലിന്‍റെ വരവ്. 19.5 ഓവറില്‍ റണ്ണൗട്ടാകുമ്പോള്‍ 45 പന്തില്‍ അഞ്ച് സിക്‌സും ഒരു ഫോറും സഹിതം 53 റണ്‍സുണ്ടായിരുന്നു യൂണിവേഴ്‌സ് ബോസിന്‍റെ പേരില്‍. മത്സരം പഞ്ചാബ് എട്ട് വിക്കറ്റിന് ജയിച്ചു. 49 പന്തില്‍ പുറത്താകാതെ 61 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് പ്ലേയര്‍ ഓഫ് ദ് മാച്ച്.