മുന്നോക്ക വോട്ടിനു വേണ്ടി പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുന്ന നിലപാടാണ് പിണറായി സർക്കരിനെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: മുന്നോക്ക വോട്ടിനു വേണ്ടി പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സര്‍ക്കാരിനെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ നാലരക്കൊല്ലമായിട്ട് സംഘടിത ജാതി മതശക്തികളെ പ്രീണിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സമുദായ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരേ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ഈഴവരാദി പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിലവില്‍ കിട്ടുന്നത് കൂടി തട്ടിയെടുത്ത് സവര്‍ണര്‍ക്ക് നല്‍കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്നും വീണ്ടും അധികാരത്തിലെത്താനുള്ള ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

അധികാരത്തിനായി പിന്നാക്ക വിഭാഗങ്ങളെ പഴയ ചുതുര്‍വര്‍ണ്യത്തേക്കാള്‍ ഭീകരമായ അവസ്ഥയിലേക്ക് തള്ളിയിടാനാണ് ശ്രമിക്കുന്നത്. അര്‍ഹമായത് നല്‍കാത്തത് ഉച്ചത്തില്‍ പറയുമ്പോള്‍ ഗുരുനിന്ദയെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍ എന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായി മുബാറക് പാഷയെ ജലീൽ തിരുകി കയറ്റിയതിനെ പിന്തുണയ്ക്കുന്ന മുസ്ലിം ലീഗിന്റെ നിലപാടിനു പിന്നിലെ ചേതോവികാരം എന്താണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകുമെന്ന പരിഹാസവും ലേഖനത്തില്‍ വെള്ളാപ്പള്ളി ഉയര്‍ത്തുന്നുണ്ട്.

ഇപ്പോള്‍ത്തന്നെ ജനസംഖ്യാനുപാതികമായ നീതി ഈഴവര്‍ക്ക് ലഭിച്ചിട്ടില്ല. മാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാരിക്കൊടുക്കുകയാണെന്നും വെളളാപ്പള്ളി വിമർശിച്ചു.