ചെന്നൈ: ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ അതേപടി പകര്‍ത്തി തെന്നിന്ത്യന്‍താരം വിജയ് സേതുപതി എത്തുകയാണ്. മുരളീധരന്റെ ജീവിത കഥ പറയുന്ന 800 എന്ന ചിത്രത്തിന് വേണ്ടിയാണ് മക്കള്‍ സെല്‍വന്റെ മേക്കോവര്‍ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്നാണ് റിലീസ് ചെയ്തിരിക്കുന്നത്. പോസ്റ്ററിലെ സേതുപതിയുടെ രൂപമാറ്റം അത്ഭുതപ്പെടുത്തുകയാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. വെള്ള ജഴ്സിയില്‍ മുരളിയുടെ സ്വതസിദ്ധമായ ചിരിയോടെ അടിമുടി മുത്തയ്യയായി മാറിയിട്ടുണ്ട് സേതുപതി.
വിജയ് സേതുപതിയും മുത്തയ്യ മുരളീധരനും ചേര്‍ന്ന് സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 തമിഴ് എന്നിവയിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.എം എസ് ശ്രീപതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മൂവി ട്രെയ്ന്‍ മോഷന്‍ പിക്‌ചേഴ്‌സും ഡാര്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നിട്ടാണ് . ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കുന്നത് മുത്തയ്യ മുരളീധരനാണ് . ഒരു ഇതിഹാസ താരത്തെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്’ വിജയ് സേതുപതി അഭിപ്രായപ്പെട്ടു,
മുത്തയ്യ മുരളീധരനായി അഭിനയിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്നും സേതുപതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്നെ സ്ര്കീനില്‍ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ ആള്‍ സേതുപതിയാണെന്നായിരുന്നു മുത്തയ്യ പറഞ്ഞ മറുപടി. അദ്ദേഹം വളരെ മികച്ച നടനാണ്. വിജയ് സേതുപതിയില്‍ താന്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും മുരളി പറയുകയുണ്ടായി.
ശ്രീലങ്ക, യുകെ, ഇന്ത്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് നടത്താനാണ് അണിയറ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്. 2021 ആദ്യം ചിത്രീകരണം ആരംഭിച്ച് വര്‍ഷാവസാനത്തോടെ ചിത്രം പ്രേക്ഷകരിലെക്കത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളി താരം രജിഷ വിജയനാണ് ചിത്രത്തില്‍ നായിക ആകുന്നത്. ചിത്രം എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദി,ബംഗാളി,സിംഹള ഭാഷകളിലും ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.