ഇടവേള ബാബു ഒട്ടും അര്‍ഹതയില്ലാതെ പ്രധാന സ്ഥാനത്തെത്തിയ ‘എക്സ്ട്രാനടൻ’ ; പാര്‍വതി തിരുവോത്തിന് പിന്തുണയുമായി ശ്രീകുമാരന്‍ തമ്പിയും

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവച്ച നടി പാര്‍വതി തിരുവോത്തിന് പിന്തുണയുമായി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കിലാണ് ശ്രീകുമാരന്‍ തമ്പി പാര്‍വതിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.അമ്മ എന്ന താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വതിയെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.
കുറിപ്പില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.

ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ ‘എക്സ്ട്രാ നടന്‍’ എന്നാണ് ഇടവേള ബാബുവിനെ കുറിപ്പില്‍ ശ്രീകുമാരന്‍ തമ്പി വിശേഷിപ്പിച്ചത്. വേണമെങ്കില്‍ പാര്‍വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വതിയുടെ മേന്മ. തല്‍പ്പരകക്ഷികളുടെ എതിര്‍പ്പു മൂലം ഭൗതികനഷ്ടങ്ങള്‍ ഉണ്ടായേക്കാം. എന്നിട്ടും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥസ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടതെന്നും അദ്ദേഹം കുറിച്ചു.

ശ്രീകുമാരന്‍ തമ്പി യുടെ ഫേസ്ബുക്ക് പോസ്റ്റ്:-

‘അമ്മ’ എന്ന ദിവ്യനാമം വഹിക്കുന്ന താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി തിരുവോത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടത്.

ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ ‘എക്സ്ട്രാനടന്റെ’കളിതമാശ’യായി വേണമെങ്കില്‍ പാര്‍വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. ‘അല്‍പ്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിക്കു കുട പിടിക്കും ‘ എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വ്വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാര്‍വ്വതി എന്ന് ‘ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍, ടേക് ഓഫ് , ഉയരെ , QARIB QARIB SINGLLE (Hindi) എന്നീ സിനിമകളിലെ പാര്‍വ്വതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാന്‍ കഴിയും.

ഷീല,ശാരദ,കെ.ആര്‍.വിജയ ,ലക്ഷ്മി, ശ്രീവിദ്യ ,ജയഭാരതി,സീമ, നന്ദിത ബോസ്,പൂര്‍ണ്ണിമ ജയറാം, ഉര്‍വ്വശി ,മേനക ,രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാന്‍. സ്ത്രീവിമോചനം വിഷയമാക്കി ‘മോഹിനിയാട്ടം ‘ എന്ന നായകനില്ലാത്ത
ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിര്‍മ്മിച്ച സംവിധായകനുമാണ്. പാര്‍വ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാന്‍ മാനിക്കുന്നു.” – ശ്രീകുമാരന്‍ തമ്പി കുറിച്ചു.