ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പേരിൽ സർക്കാർ മുതലെടുപ്പിന് ; പ്രൈവറ്റ് വിദ്യാർഥികൾ പെരുവഴിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രൈവറ്റ് രജിസ്ട്രേഷനും വിദൂര പഠനവും നിർത്തലാക്കി പുതുതായി ആരംഭിച്ച യുജിസി അംഗീകാരമില്ലാത്ത
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലാക്കിയതോടെ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ. പതിറ്റാണ്ടുകളായി കേരളത്തിൽ നിലനിൽക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ സംവിധാനം ഓർഡിനൻസിലൂടെ സർവകലാശാലകളിൽ നിന്ന് എടുത്തു കളഞ്ഞ നടപടി അനേകം വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കിയിരിക്കയാണ്.

ലക്ഷോപലക്ഷം സാധാരണ വിദ്യാർഥികളുടെ ഏക ആശ്രയമാണ് സർവകലാശാല‌ളിലെ പ്രൈവറ്റ് രജിസ്ട്രേഷൻ പഠന സംവിധാനം. യു ജി സി ഇപ്പോഴും നിലവിലെ സർവകലാശാലകളിലെ സമാന്തര പഠന വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, യു ജി സി യുടെ നിർദേശമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കേരള സർക്കാർ റെഗുലർ കോളേജുകളിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികളുടെ പഠന സാധ്യത തടയുന്നത്‌.

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിക്കാക്കട്ടെ യു ജി സി യുടെ അംഗീകാരവും ലഭിച്ചിട്ടില്ല. അംഗീകാരം ഇല്ലാത്ത കോഴ്സുകൾ നടത്തി വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാ ക്കാനാണ് ധൃതി പിടിച്ചു സർക്കാർ ഓപ്പൺ യൂണിവേഴ്സിറ്റി ആരഭിച്ചത്. സ്ഥാപനത്തിലെ എല്ലാ ഉന്നത നിയമനങ്ങളും യു ജി സി ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധവുമായതുകൊണ്ട് കോഴ്‌സുകൾക്ക് യുജിസി യുടെ അംഗീകാരം ലഭിക്കാൻ വൈകും. പഠനസൗകര്യങ്ങൾ ഒരുക്കാൻ സർവകലാശാലയ്ക്ക് നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. യുജിസി മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിച്ചാൽ തന്നെ ഏതാനും വർഷമെടുക്കും അംഗീകാരം ലഭിക്കാൻ.

വഴിവിട്ട നിയമനങ്ങൾ കൂട്ടത്തോടെ നടത്താൻ സർക്കാർ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വേദിയാക്കുന്നുവെന്ന ആക്ഷേപത്തിനൊപ്പം പ്രൈവറ്റ് വിദ്യാർഥികളുടെ ഭാവിയും ഇത് അപകടത്തിലാക്കിയിരിക്കയാണ്. അംഗീകാരമില്ലാത്ത സർവ്വകലാശാലാ ബിരുദങ്ങൾ നേടുന്നവരും പ്രതിസന്ധിയിലാകുമെന്ന് ആക്ഷേപമുണ്ട്.

സർക്കാർ നടപടി ഉടനടി തിരുത്തണമെന്നും വിദൂര പഠനവും പ്രൈവറ്റ് രജിസ്ട്രേഷൻ പഠനവും പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണ്ണർക്കും മുഖ്യ മന്ത്രിക്കും നിവേദനം നൽകി. കേരളത്തിലെ എല്ലാ സർവകലാശാലകളിലും നിലവിലുള്ള പ്രൈവറ്റ് പഠനത്തിനും വിദൂര പഠനത്തിനുമുള്ള വ്യവസ്‌ഥകൾ തുടരണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ് ശശികുമാറും , സെക്രട്ടറി എം. ഷാജർഖാനും നിവേദനത്തിൽ ആവശ്യപ്പെട്ടു.