മുഖ്യമന്ത്രിയും യുഎഇ കോൺസൽ ജനറലും സ്വകാര്യ കൂടിക്കാഴ്ച നടത്തി; നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ: സ്വപ്ന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോൺസൽ ജനറലും 2017ൽ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും എൻഫോഴ്സ്മെന്റി നോട് സ്വപ്ന പറഞ്ഞു.

യുഎഇ കോൺസുലേറ്റും സർക്കാരും തമ്മിലുള്ള കാര്യങ്ങൾക്ക് ശിവശങ്കറിന് ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതൽ എല്ലാ കാര്യങ്ങൾക്കും ശിവശങ്കർ തന്നെ വിളിച്ചിരുന്നു. മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയിൽ പറയുന്നുണ്ട്.

2017ൽ മുഖ്യമന്ത്രിയുടെ വസതിയിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ യുഎഇ കോൺസുലേറ്റും സർക്കാരുമായുള്ള കാര്യങ്ങൾക്ക് ശിവശങ്കറെയാണ് ബന്ധപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു.

സ്പേസ് പാർക്കിലെ അവസരത്തെക്കുറിച്ച് എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന്, ശിവശങ്കറാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ സ്വപ്ന സുരേഷിനെ ഐ ടി വകുപ്പിൽ നിയമിച്ചത് താൻ അറിഞ്ഞില്ല എന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്ത സമ്മേളനത്തിൽ ആവർത്തിച്ചിരുന്നു. സ്വപ്നയുടെ മൊഴിയോടെ ഈ അവകാശവാദം വീണ്ടും ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്.