ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ പേരിൽ സ്ഥാപിക്കപ്പെട്ട ഓപ്പൺ സർവകലാശാലയുടെ തലപ്പത്തു ശ്രീനാരായണീയ ദർശനം ആഴത്തിൽ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞ ഇടതുപക്ഷ സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്നു പറഞ്ഞാണ് സര്ക്കാര് നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്. പിന്നാക്ക- അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയിൽ നിന്നു ആട്ടിയകറ്റുന്ന പതിവ് സർക്കാർ ആവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തു ഗുരുദേവ പ്രതിമ സ്ഥാപിച്ചപ്പോഴും ഗുരുദേവന്റെ പേരിൽ സർവകലാശാല സ്ഥാപിച്ചപ്പോഴും സമുദായവും പൊതുസമൂഹവും ഏറെ ആഹ്ലാദിച്ചതാണ്. പക്ഷേ സർവകലാശാലയുടെ തലപ്പത്തെ നിയമനം വന്നപ്പോൾ അതു സമുദായത്തെ ആകെ നിരാശപ്പെടുത്തി. സർവകലാശാല സ്ഥാപിക്കപ്പെട്ട ഉദ്ദേശത്തിന്റെ തന്നെ ശോഭ കെടുത്തിക്കളഞ്ഞ നടപടി ആയിപ്പോയി അത്. ഇടതുപക്ഷ സർക്കാരിന്റെ പ്രതിച്ഛായയ്ക്കും അതു മങ്ങലേൽപിച്ചു.
എസ്എൻഡിപി യോഗത്തിന്റെ ആദ്യ അധ്യക്ഷന്റെ പേരിൽ സ്ഥാപിക്കപ്പെടുന്ന സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആയി ശ്രീനാരായണീയനെ നിയമിക്കാതെ മന്ത്രി കെടി ജലീൽ വാശി കാണിച്ചത് എന്തിനെന്നു മനസ്സിലാകുന്നില്ല. ഇടതുപക്ഷം ഭരിക്കുമ്പോൾ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു, നവോത്ഥാനം പ്രത്യേക മുദ്രാവാക്യമായി കൊണ്ടു നടക്കുമ്പോൾ പ്രത്യേകിച്ചും. ഇതിന് സർക്കാർ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു.