കൊച്ചി: വാട്ടര്‍ ടാക്സി സര്‍വിസിന് ഒക്ടോബര്‍ 15ന് തുടക്കം. ജലഗതാഗത വകുപ്പിൻ്റെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ ആലപ്പുഴയിലും തുടര്‍ന്ന് എറണാകുളത്തുമാണ് ടാക്സി ഓടുക. ആലപ്പുഴക്കും കോട്ടയത്തിനുമിടയിലും എറണാകുളത്തിനും വൈക്കത്തിനുമിടയിലും കുട്ടനാടന്‍ മേഖലയിലും ടാക്സി സേവനം ലഭ്യമാകും.
പ്രധാനമായും വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്ന വാട്ടര്‍ ടാക്സി തദ്ദേശീയര്‍ക്കും വിളിക്കാം. ഓണ്‍ലൈന്‍ ടാക്സികളുടെ മാതൃകയിലാണ് പ്രവര്‍ത്തനം. ജലഗതാഗത വകുപ്പ് പ്രസിദ്ധീകരിക്കുന്ന നമ്ബറില്‍ വിളിക്കാം.ബോട്ടുകള്‍ യാത്രക്കാര്‍ വിളിക്കുന്നിടത്ത് എത്തും. ആലപ്പുഴയുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും സമീപ ജില്ലകളിലേക്കും വേഗമെത്താന്‍ ടാക്സികള്‍ സഹായിക്കും.
ആധുനിക സൗകര്യങ്ങളുള്ള നാലു ബോട്ടാണ് സര്‍വിസ് നടത്തുക. ഒരു ബോട്ടില്‍ 10 പേര്‍ക്ക് സഞ്ചരിക്കാം. മണിക്കൂറിനാണ് നിരക്ക്. മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ (35 കിലോമീറ്റര്‍) ആണ് വേഗമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ പറഞ്ഞു.
ആലപ്പുഴയില്‍നിന്ന് ഒരു മണിക്കൂറിനകം കോട്ടയത്ത് എത്താം. സാധാരണ ബോട്ടിന് രണ്ടു മണിക്കൂര്‍ വേണം. ഘട്ടംഘട്ടമായി കേരളത്തിലുടനീളം സംവിധാനം ഏര്‍പ്പെടുത്താനാണ് വകുപ്പ് തീരുമാനം.