ന്യൂഡെല്‍ഹി: പണവായ്പ നയസമിതി പുനഃസംഘടിപ്പിച്ചതിന് ശേഷമുളള ആദ്യ പണവായ്പ നയ അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് 4 ശതമാനമായി തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയിൽ പ്രതിസന്ധി തുടരുകയാണ്. ഇത് കണക്കിലെടുത്ത് പലിശനിരക്ക് കുറച്ച് വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്ന നിലപാട് തുടരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു. 2021ല്‍ ജിഡിപിയില്‍ 9.5 ശതമാനത്തിന്റെ കുറവ് വരും.
നിലവിലെ സാഹചര്യങ്ങള്‍ രാജ്യത്തെ സാമ്പത്തികവളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.
ബാങ്ക് നിരക്കും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും അതേപോലെ തുടരും. 4.2 ശതമാനമാണ് ബാങ്ക് നിരക്ക്. ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് വാങ്ങുന്ന വായ്പയ്ക്കുളള പലിശനിരക്കായ റിവേഴ്‌സ് റിപ്പോ നിരക്കും 3.35 ശതമാനമായി തുടരുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
ഓഗസ്റ്റില്‍ 6.69 ശതമാനമായിരുന്നു പണപ്പെരുപ്പം.
കൊറോണ വ്യാപനത്തെതുടര്‍ന്ന് വിതരണശൃംഖലയില്‍ തടസ്സമുള്ളതിനാല്‍ വരുംമാസങ്ങളിലും വിലക്കയറ്റംകൂടാനാണ് സാധ്യതയെന്ന് യോഗം വിലയിരുത്തി. ഓഗസ്റ്റിലെ യോഗത്തിലും നിരക്കില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 2020 ഫെബ്രുവരി മുതല്‍ ഇതുവരെ നിരക്കില്‍ 2.50ശതമാനമാണ് കുറവുവരുത്തിയത്.