കൊച്ചി: ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയുമായുള്ള നിയമപോരാട്ടത്തില്‍ ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രം ചെയ്യുന്നതില്‍ നിന്നും കോടതി വിലക്കിയെങ്കിലും തന്റെ പ്രഖ്യാപിച്ച സിനിമയുമായി മുന്നോട്ടു തന്നെ എന്ന് പ്രഖ്യാപിച്ച് നടന്‍ സുരേഷ് ഗോപി. ‘പ്രതികാരം എന്റേതാണ്, അത് ഞാന്‍ വീട്ടിയിരിക്കും’ എന്ന ക്യാപ്‌ഷനും തീക്ഷണമായ നോട്ടമുള്ള ചിത്രവും ചേര്‍ത്ത് കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരുന്നു.
ചിത്രത്തിന്റെ പേര് ഉടന്‍ തന്നെയുണ്ടാവുമെന്നും സൂചനയുണ്ട്. നിയമവിഷയങ്ങള്‍ ഉണ്ടായെങ്കിലും ചിത്രം ഉപേക്ഷിക്കാന്‍ നിര്‍മ്മാതാവ് തയാറല്ല. പുലിമുരുകന്‍ സിനിമയും നിര്‍മ്മിച്ചത് ടോമിച്ചന്‍ തന്നെയായിരുന്നു.ചിത്രത്തിന്റെ നാലാം വാര്‍ഷികത്തിലാണ് പുതിയ സിനിമയുടെ നിലപാടുമായി അദ്ദേഹം ഫേസ്ബുക്കിലെത്തിയത്.
“അടങ്ങാത്ത ആവേശങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വര്‍ഷങ്ങള്‍. ഇന്നും സ്വീകരണമുറികളില്‍ പ്രേക്ഷകര്‍ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേല്‍ക്കുന്നത് എന്നത് ഒരു നിര്‍മാതാവ് എന്ന നിലയില്‍ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്.
മലയാളികളെ മുരുകന്‍ കീഴടക്കി നാല് വര്‍ഷങ്ങള്‍ പിന്നിടുമ്ബോള്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ തന്നെ അനൗണ്‍സ് ചെയ്യുന്നതായിരിക്കും. കൊറോണ ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂര്‍ണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങള്‍ ‘കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്,” ടോമിച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ‘ഷാജി കൈലാസിന്റെ മടങ്ങിവരവ് ചിത്രമായ ‘കടുവയില്‍’ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പൃഥ്വിരാജ് പുറത്തിറക്കിയിരുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിക്കുന്നത്. ഇരു ചിത്രങ്ങളുടെയും സമാനതകളുടെ പേരില്‍ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
2020 ഓഗസ്റ്റില്‍ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്‌തു. നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ കഥാപാത്രവും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്നായിരുന്നു പരാതി. കോടതി ഇരുഭാഗങ്ങളുടെയും വാദം കേള്‍ക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്.