സ്മിതാ മേനോൻ വിഷയം; മന്ത്രി വി മുരളീധരന്റേത് ചട്ടലംഘനമെന്ന് മുന്‍ അംബാസഡർ കെ പി ഫാബിയന്‍

തിരുവനന്തപുരം: യുഎഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ സ്മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുപ്പിച്ചത് നിയമവിരുദ്ധമെന്ന് നയതന്ത്രവിദഗ്ധനും മുന്‍ അംബാസഡറുമായ കെ പി ഫാബിയന്‍. വിസിറ്റിങ് വിസയില്‍ യുഎഇയില്‍ പോയി ഔദ്യോഗിക യോഗത്തില്‍ സ്മിത പങ്കെടുത്തത് കുറ്റകൃത്യമാണെന്നും ഒരു ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ടൂറിസ്റ്റ് എന്ന നിലയ്ക്കാണ് ഏത് രാജ്യത്തും വിസിറ്റിങ് വിസ അനുവദിക്കുന്നത്. വിസിറ്റിങ് വിസയില്‍ എത്തിയവര്‍ ഔദ്യോഗിക സമ്മേളനത്തില്‍ പങ്കെടുക്കുകയോ മറ്റു കാര്യങ്ങളില്‍ വ്യാപൃതരാകുകയോ ചെയ്താല്‍ ഇന്ത്യയിലായാലും നടപടി നേരിടേണ്ടി വരും.

മന്ത്രി ഔദ്യോഗിക ആവശ്യത്തിന് വിദേശത്ത് പോകുമ്പോള്‍ കൂടെ പോകുന്നവരുടെ പട്ടിക അടങ്ങിയ അനുമതി കത്ത് അത്യാവശ്യമാണ്.അതില്‍ യാത്ര എത്ര ദിവസത്തേക്ക് ആണെന്നുള്ള വിവരവും വ്യക്തമാക്കണം. ഈ കത്ത് ധനവകുപ്പിലേക്ക് പോകും. ഇത്തരം യാത്രകളില്‍ പിആര്‍ ഏജന്‍സി പ്രതിനിധിയെ കൊണ്ടുപോകാറില്ല. ഇതിനെ ധനവകുപ്പിന് ചോദ്യം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.