ബംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ബംഗളൂരുരു മയക്കുമരുന്ന് കേസിലാണ് നടപടി.
അനൂപിന് പണം നൽകിയവരെ മുഴുവൻ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് ഇവരുടെ മൊഴികൾ പരിശോധിച്ചതിനു ശേഷം ആകും മറ്റു നടപടികൾ.
മയക്കുമരുന്നു കടത്ത് കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്താനായിരുന്നു ബിനീഷ് കോടിയേരിയെ ശാന്തിനഗറിലെ ഇഡി ഓഫീസിലേക്ക് വിളിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ആരംഭിച്ച ചോദ്യം ചെയ്യൽ ആറു മണിക്കൂർ നീണ്ടുനിന്നു.
നേരത്തെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇഡി കൊച്ചി യൂണിറ്റ് സെപ്റ്റംബർ ഒന്പതിനു ബിനീഷിനെ ചോദ്യംചെയ്തിരുന്നു.
ബംഗളൂരു മയക്കുമരുന്നു കേസിൽ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) പിടിയിലായ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്, ഡി. അനിഖ എന്നിവരെ അറസ്റ്റ് ചെയ്തതോടെയായിരുന്നു കന്നഡ സിനിമാലോകത്തെ മയക്കുമരുന്നു ബന്ധം വെളിപ്പെട്ടത്.
2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കിയെന്ന് അനൂപ് എന്‍സിബിക്കു മൊഴി നല്‍കിയിരുന്നു. സഹോദരന് ബിനോയിക്കും രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനീഷ് ബംഗളൂരുവിലെത്തിയത്.