ചന്ദ്രശേഖര്‍ ആസാദ് ഹത്രാസിലേക്ക്

ന്യൂഡെൽഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പുറപ്പെട്ടു. നേരത്തെ കുടുംബത്തോടൊപ്പം ദില്ലിയില്‍ നിന്ന് ഹത്രാസിലേക്ക് തിരിച്ച ആസാദിനെ യുപി പോലീസ് സഹാറന്‍പൂരിലെ വീട്ടുതടങ്കലിലാക്കിയിരുന്നു. ശനിയാഴ്ച മുതല്‍ പോലീസ് ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് ആസാദ് ഹത്രാസിലേക്ക് തിരിച്ചത്.

സംഭവത്തില്‍ തുടക്കം മുതല്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നേതാവാണ് ആസാദ്. ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചത് മുതല്‍ ആസാദും സഹപ്രവര്‍ത്തകരും അവിടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൃതദേഹം പോലീസ് നിര്‍ബന്ധിച്ച്‌ ദഹിപ്പിച്ചതിന് ശേഷം കുടുംബം നാട്ടിലേക്ക് തിരിക്കവെ ആസാദും അനുഗമിച്ചു.എന്നാല്‍ യുപി അതിര്‍ത്തി കടന്ന ഉടനെ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തുവെന്നാണ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ അറിയിച്ചത്.

ബുധനാഴ്ചയായിരുന്നു സംഭവം. വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസിലേക്ക് പുറപ്പെട്ടെങ്കിലും യുപി പോലീസ് തടഞ്ഞത് വിവാദമായി. അറസ്റ്റ് രേഖപ്പെടുത്തി തിരിച്ചയച്ച രാഹുലും പ്രിയങ്കയും ശനിയാഴ്ച വീണ്ടും ഹത്രാസിലേക്ക് എത്തി. കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ പോലീസ് ബാരിക്കേഡുകള്‍ മാറ്റാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.