ന്യൂഡൽഹി: കൊറോണ വൈറസ് സ്ഥിരീകരിച്ചാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് അനുപം ഹസ്രയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ തനിക്ക് കൊറോണ ബാധയുണ്ടെന്ന വിവരം പങ്കുവച്ചത്. അദ്ദേഹത്തെ കൊൽക്കത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപിയുടെ ദേശീയ സെക്രട്ടറിയാണ് അനുപം ഹസ്ര. 2019ലാണ് ഹസ്ര ബിജെപിയിൽ അംഗമാകുന്നത്. ‘എനിക്ക് കൊറോണ രോഗം കണ്ടെത്തുകയാണെങ്കിൽ ഞാൻ മുഖ്യമന്ത്രി മമത ബാനർജിയെ പോയി കെട്ടിപ്പിടിക്കും. മഹാമാരി ബാധിച്ച് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വേദന അവർ മനസ്സിലാക്കണം’ എന്നായിരുന്നു ഹസ്രയുടെ പ്രസ്താവന
തനിക്ക് വൈറസ് ബാധിച്ചാൽ മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന അനുപം ഹസ്രയുടെ പരാമർശത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊറോണ ബാധിതരുടെ കുടുംബത്തിന്റെ വേദന മുഖ്യമന്ത്രിയെ അറിയിക്കാനാണ് കെട്ടിപ്പിടിക്കുന്നതെന്നായിരുന്നു ഹസ്രയുടെ വിശദീകരണം.
ബിജെപി ദേശീയ സെക്രട്ടറി പദവിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഇതിനെതിരെ പരാതി നൽകി. ബംഗാളിലെ ബിജെപി നേതാക്കൾ ഹസ്രയുടെ പരാമർശത്തിൽ പ്രതികരണമറിയിച്ചിരുന്നില്ല.