ദുബായ്: തുടരേ മൂന്നാം ജയം തേടി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ പിടിച്ചു കെട്ടി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. 1758 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ രാജസ്ഥാന്റെ മറുപടി നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137ല്‍ അവസാനിച്ചു.
കൊല്‍ക്കത്ത ബൗളര്‍മാരുടെ കണിശതയോടെയുള്ള ബൗളിങ്ങാണ് രാജസ്ഥാനെ പിടിച്ചു കെട്ടിയത്. ദിനേശ് കാര്‍ത്തിക് പന്ത് നല്‍കിയ 6 ബൗളര്‍മാരില്‍ സുനില്‍ നരെയ്‌നിന്റെ ഇക്കണോമി മാത്രമാണ് 10 തൊട്ടത്. കമിന്‍സ് മൂന്ന് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ശിവം മവി നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് 2 വിക്കറ്റ്. കമലേഷ് നാഗര്‍കോട്ടിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവും ഒരു വിക്കറ്റ് പിഴുതു.
രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ മൂന്ന് ബാറ്റ്‌സ്മാന്മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 36 പന്തില്‍ നിന്ന് 54 റണ്‍സ് നേടി ടോം കറാന്‍ പൊരുതി നോക്കിയെങ്കിലും മറ്റാരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും, റണ്‍സ് കണ്ടെത്താന്‍ അനുവദിക്കാതെയും കൊല്‍ക്കത്ത ബൗളര്‍മാര്‍ രാജസ്ഥാനെ വരിഞ്ഞു കെട്ടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തക്ക് സുനില്‍ നരെയ്‌നിനെ തുടക്കത്തിലെ നഷ്ടമായി. എന്നാല്‍ 47 റണ്‍സ് എടുത്ത് ഗില്‍ പിടിച്ചു നിന്നു. അവസാന ഓവറുകളില്‍ മോര്‍ഗന്‍ റണ്‍സ് കണ്ടെത്തിയതോടെയാണ് കൊല്‍ക്കത്ത സ്‌കോര്‍ 170 പിന്നിട്ടത്. മോര്‍ഗന്‍ 34 റണ്‍സ് നേടി.