വളാഞ്ചേരി: വ്യാജ കൊറോണ സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരി അര്‍മ ലാബ് തട്ടിയത് ലക്ഷങ്ങളെന്ന് കണ്ടെത്തല്‍. ഏകദേശം 2500 പേരുടെ സാമ്പിളുകളാണ് ഇവർ ശേഖരിച്ചത്. ഇതിൽ 2000 പേർക്കും പേർക്കും നൽകിയത് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റാണ്. 2750 രൂപയാണ് ഓരോ പരിശോധനയ്ക്കും ഈടാക്കിയിരുന്നത്. 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
കോഴിക്കോട്ടെ മൈക്രോ ലാബിൻെറ പേരിലാണ് അർമ ലാബ് തട്ടിപ്പ് നടത്തിയിരുന്നത്. പരിശോധനക്ക് എടുക്കുന്ന സ്രവം കോഴിക്കോട് അയക്കാതെ അവിടെ വച്ച് തന്നെ നശിപ്പിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണ് ഇവർ ചെയ്തിരുന്നത്. വാളാഞ്ചേരിയിലുള്ള അര്‍മ ലാബില്‍ നിന്നും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ വിദേശത്തേക്ക് പോയ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.
ഓഗസ്റ്റ് 16 ന് ശേഷം ലാബിൽ നിന്നും പരിശോധന നടത്തിയവർ പോലിസ് സ്റ്റ്റേഷനുമായി ബന്ധപ്പെടാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതോടെ ലാബിലെ കമ്പ്യൂട്ടറിൽ നിന്നും രേഖകൾ ലാബ് അധികൃതർ നശിപ്പിച്ചിരുന്നു. എന്നാൽ സൈബർ വിദഗ്ധരുടെ സഹായത്തോടെ ഇവ പോലിസ് വീണ്ടെടുത്തിട്ടുണ്ട്.