മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ അപ്പാര്‍ട്ട്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. റാണ കപൂറിന്റെ ലണ്ടനിലെ 127 കോടി ഡോളര്‍ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് ആണ് ജപ്തി ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി.
ലണ്ടനിലെ 77 സൗത്ത് ഓഡ്‌ലി സ്ട്രീറ്റിലെ അപ്പാർട്ട്മെന്റിന് യുകെയിൽ 13.5 ദശലക്ഷം പൗണ്ട് വിപണി മൂല്യമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
റാണ കപൂര്‍ 2017 – ല്‍ 99 ലക്ഷം പൗണ്ടിന് (ഏകദേശം 93 കോടി രൂപ) ആണ് ഡുഇറ്റ് ക്രിയേഷന്‍സ് ജേഴ്സി ലിമിറ്റഡിന്റെ പേരില്‍ ഇത് വാങ്ങിയത്. ഈ ഫ്ളാറ്റ് വില്‍ക്കുന്നതിനായി വിവിധ വെബ്സൈറ്റുകളില്‍ പരസ്യം നല്‍കിയിരുന്നതായാണ് സൂചന. ഫ്ളാറ്റ് കണ്ടുകെട്ടുന്നതായും കൈമാറാന്‍ കഴിയില്ലെന്നും ഇഡി ബ്രിട്ടീഷ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
റാണ കപൂര്‍ ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലണ്ടനില്‍ ജയിലില്‍ കഴിയുകയാണ്. യെസ് ബാങ്കിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ഈ വർഷം മാർച്ചിൽ സിബിഐ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 4,300 കോടി രൂപയുടെ അഴിമതി കേസില്‍ ആണ് മുന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ആയ കപൂറിനെ മാര്‍ച്ച് ആദ്യം അറസ്റ്റ് ചെയ്തത്.
വിവിധ ബാങ്കുകളിൽനിന്നായി ആകെ 97,000 കോടി രൂപയോളം വായ്പയെടുക്കുകയും ഇതിൽ 31,000 കോടിയും വകമാറ്റിയെന്നുമാണ് ആരോപണം. വ്യാജ കമ്പനികളുടെ വലിയ ശൃംഖലതന്നെ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.