തിരുവനന്തപുരം : സാലറി കട്ട് നടപ്പാക്കാനുറച്ച് സർക്കാർ മുന്നോട്ട് സർക്കാർ നീങ്ങുമ്പോൾ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും. ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്ത് ട്രഷറിയില്‍ നിക്ഷേപിക്കുകയെന്ന നിർദേശമാണ് ധനമന്ത്രി ടി.എം.തോമസ് ഐസക് മുന്നോട്ടുവച്ചത്. ശമ്പളം പിടിക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനകള്‍. കൊറോണയുടെ പേരിൽ പിടിക്കുന്ന ശമ്പളം സുതാര്യതയും കാര്യക്ഷമതയും ഇല്ലാതെ ചെലവാക്കുകയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
പിടിക്കുന്ന ശമ്പളം ഫലപ്രദമല്ലാത്ത പദ്ധതികളുടെ പേരിൽ ചെലവാക്കുമ്പോൾ മിക്കതും കമ്മീഷൻ ഇടപാടുകളായി മാറുകയും അത് ഇടതുപാർട്ടികളും നേതാക്കളും വീതം വെച്ചെടുക്കുന്നതുമായാണ് ആക്ഷേപം ശക്തമായിരിക്കുന്നത്. നാലര വർഷത്തിനിടയിൽ മൂന്ന് സാലറി കട്ടുകൾ പ്രഖ്യാപിച്ച സർക്കാരിനെതിരേ ജീവനക്കാരുടെ ഇടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇടത് അനുകൂല സംഘടനകൾ പോലും രഹസ്യമായി ഇതിനെ എതിർക്കുമ്പോൾ പരസ്യമായി നിലനിൽപ്പിന് സമ്മതം മൂളേണ്ട ഗതികേടിലാണ്. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇതിൻ്റെ പ്രതിഫലനം ഉണ്ടാകും.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സാലറി കട്ട് നടപ്പാക്കുമ്പോഴും സാമ്പത്തിക രംഗത്ത് അച്ചടക്കം പാലിക്കാൻ കാര്യമായ നടപടികൾ സർക്കാർ എടുത്തിട്ടില്ല. ചെലവ് ചുരുക്കൽ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിൻ്റെ നഷ്ടമായ പ്രതിഛായ വീണ്ടെടുക്കാനുള്ള പ്രചാരണ പരിപാടികൾക്ക് അപ്പുറം ആത്മാർഥതയുള്ള നിലപാടുകളും സമീപനവും ഇല്ലെന്ന് ജീവനക്കാർ അമർഷത്തോടെ ചൂണ്ടിക്കാട്ടുന്നു.
സാലറി കട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും പണിമുടക്കുമെന്നും ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് ഒരു മാസത്തെ ശമ്പളം തവണകളായി പിടിക്കുന്നതിനോട് സിപിഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന് വിയോജിപ്പില്ല.
ഇതിനകം പിടിച്ച ഒരുമാസത്തെ ശമ്പളം ധനകാര്യ സ്ഥാപനം വഴി അടുത്തമാസം ജീവനക്കാര്‍ക്ക് മടക്കിനല്‍കാമെന്നതാണ് ധനമന്ത്രിയുടെ ആദ്യ നിര്‍ദേശം. പി.എഫില്‍ നിന്നെടുത്ത വായ്പ, ഓണം ശമ്പളം അഡ്വാന്‍സ് എന്നിവ തിരിച്ചടയ്ക്കുന്നതിന് സാവകാശം അനുവദിക്കാമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. മൂന്നുദിവസത്തെ ശമ്പളം വീതം പത്തുമാസം പിടിക്കുന്നതാണ് മൂന്നാമത്തെ നിര്‍ദേശം.