Home Uncategorized മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 35 ആയി

മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 35 ആയി

0

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. മരണപ്പെട്ടവരിൽ 15 പേർ കൈക്കുഞ്ഞുങ്ങൾ ഉള്‍പ്പെടെയുള്ള കുട്ടികളാണ്. അപകടം നടന്ന് രണ്ട് ദിവസം പിന്നിട്ടതിനാൽ ലഭിക്കുന്ന മൃതദേഹങ്ങളിൽ പലതും ജീർണ്ണിച്ചു തുടങ്ങിയ അവസ്ഥയിലാണ്.
പത്തോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കനത്ത മഴയെ അവഗണിച്ചും രാത്രിയിലും രക്ഷാപ്രവർത്തനം തുടർന്നുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് സംഭവം. അപകടം നടന്നത് പുലർച്ചെ ആയതിനാൽ ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തിനു പിന്നാലെ നാടുകരെത്തിയാണ് ആദ്യ ഘട്ട രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്. 20 പേരെ നാട്ടുകാര്‍ രക്ഷിച്ചിരുന്നു. പിന്നീട് എന്‍ഡിആര്‍എഫും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി 25ഓളം പേരെ രക്ഷപ്പെടുത്തി. പൂർണ്ണമായും തകർന്നു വീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. 21 ഫ്ലാറ്റുകളാണ് ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നത്.

കെട്ടിടം തകര്‍ന്നു വീണതോടെ പ്രദേശത്തുള്ള മറ്റ് ഫ്ലാറ്റുകളിലെ ആളുകളെ സുരക്ഷ പരിഗണിച്ച് മാറ്റി പാര്‍പ്പിച്ചിരുന്നു. ജനസാന്ദ്രത കൂടുതലുള്ള മേഖലയിലെ 102 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നാണ് വിലയിരുത്തല്‍. അപകടവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here