ബംഗളൂരു മയക്കുമരുന്ന് കേസ്; നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരന് ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ബംഗളൂരു പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ ആദിത്യ ആല്‍വ നിലവിൽ ഒളിവിലാണ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. എന്നാൽ ആദിത്യ ആല്‍വ രാജ്യം വിട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പോലിസ്.

ആദിത്യ ആല്‍വയ്ക്ക് പുറമേ ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതി ശിവപ്രകാശ് ചിപ്പിക്കെതിരെയും ക്രൈംബാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കന്നഡ സിനിമാതാരം രാഗിണി ത്രിവേദിയുടെ അടുത്ത സുഹൃത്തായ ശിവപ്രകാശ് ചിപ്പി പ്രമുഖ ബിസിനസുകാരനും സിനിമ നിര്‍മ്മാതാവുമാണ്.

ഒളിവില്‍ കഴിയുന്ന ശിവപ്രകാശ് ചിപ്പിയും ആദിത്യ ആല്‍വയും രാജ്യം വിട്ടുപോയിട്ടില്ല എന്ന വിവരം വിവിധ അന്വേഷണ ഏജന്‍സികള്‍ കൈമാറിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഹെബ്ബാൾ തടാകത്തോടു ചേർന്ന് നാല് ഏക്കറോളമുള്ള ആദിത്യയുടെ ഫാം ഹൗസിലും പ്രൊഡക്‌ഷൻ കമ്പനി ഉടമ വിരേൻ ഖന്നയുടെ അപാർട്മെന്റിലും വച്ചാണ് ലഹരി പാർട്ടികൾ നടത്തിയിരുന്നതെന്ന കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ഫാം ഹൗസിൽ റെയ്ഡ് നടന്നിരുന്നു.

ആദിത്യ ആൽവയെ സംരക്ഷിക്കാൻ ഉന്നതതല നീക്കം നടക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നതിനിടെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ പരിശോധന.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ ലഹരി പാർട്ടികളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം പരിശോധനയിൽ കണ്ടെത്തിയിരുന്നു.