പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കണമെന്ന് ഹൈക്കോടതി. കേസിൽ ഒറ്റ എഫ് ഐ ആർ മതി എന്ന ഡി ജി പിയുടെ ഉത്തരവും കോടതി സ്‌റ്റേ ചെയ്‌തു.സാമ്പത്തിക തട്ടിപ്പ് അന്വേഷണം സിബിഐക്ക് വിടുന്നതിനുള്ള നടപടികൾ വേ​ഗത്തിലാക്കാനും കോടതി ഇടക്കാല ഉത്തരവിൽ സർക്കാരിന് നിർദേശം നൽകി.

പോപ്പുലർ ഫിനാൻസിന്റെ എല്ലാ ബ്രാഞ്ചുകളും പൂട്ടി മുദ്രവയ്ക്കണം. ബ്രാഞ്ചുകളിലെ സ്വർണവും പണവും സർക്കാർ നിയന്ത്രണത്തിലാക്കണം. കേസ് സി ബി ഐയ്‌ക്ക് വിടാനുള്ള നടപടികൾ ദ്രുതഗതിയിൽ നടത്തണം. കേസ് സിബിഐക്ക് വിടാനുള്ള ശുപാർശയിൽ കേന്ദ്രം ഉടൻ തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് അന്വേഷണം സിബിഐക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിലെ പ്രധാന പ്രതികളെയെല്ലാം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെന്നും, പോപ്പുലർ ഫിനാൻസ് ആസ്ഥാനം റെയ്ഡ് ചെയ്ത് കമ്പ്യൂട്ടർ അടക്കമുള്ളവ പിടിച്ചെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.