ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടിപ്പിച്ചു. നേതൃമാറ്റം ആവശ്യപ്പെട്ട ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റി. നേതൃത്വത്തെ പിന്തുണയ്ക്കുന്ന കൂടുതൽ നേതാക്കളെ പ്രവർത്തനസമിതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. എ.കെ.ആൻ്റണി, ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ എന്നിവർ പ്രവർത്തക സമിതിയിൽ തുടരും.
ആന്ധ്രാപ്രദേശിൻ്റെ ചുമതലയിൽ ഉമ്മൻ ചാണ്ടി തുടരും. കെസി വേണുഗോപാൽ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി കെസി വേണുഗോപാലും തുടരും. അതേസമയം ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി.
കേരളത്തിൻ്റെ ചുമതലയിൽ നിന്നും മുകുൾ വാസ്നികിനെ മാറ്റി. ബീഹാറിൽ നിന്നുള്ള താരിഖ് അൻവറാണ് കേരളത്തിൻ്റേയും ലക്ഷദ്വീപിൻ്റേയും ചുമതലയുള്ള പുതിയ എഐസിസി ജനറൽ സെക്രട്ടറി. മുകുൾ വാസ്നികിനെ മധ്യപ്രദേശിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു.
കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിലെ തീരുമാന പ്രകാരം കോൺഗ്രസ് അധ്യക്ഷയെ സഹായിക്കാനായി ആറംഗസമിതിയും രൂപീകരിച്ചു. ആൻ്റണി, വേണുഗോപാൽ, അഹമ്മദ് പട്ടേൽ, അംബിക സോണി, രൺദീപ് സുർജേവാല എന്നീ നേതാക്കളെ ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേതൃമാറ്റം ആവശ്യപ്പെട്ട കപിൽ സിബൽ, ശശി തരൂർ തുടങ്ങിയ നേതാക്കളെയൊന്നും പ്രവർത്തക സമിതിയിലേക്ക് പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമായി. അഴിച്ചുപണി പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാക്കില്ലെന്നാണ് സൂചന.