കാസർഗോഡ്: കൊറോണ ബാധിച്ച് കർണ്ണാടകയിലെ ഭദ്രാവതി വികാരി ജനറാൾ അന്തരിച്ചു. തലശേരി അതിരൂപതാംഗമായ ഫാ. ഷാജി മുണ്ടപ്ലാക്കൽ (54) ആണ് അന്തരിച്ചത്. ഒരു മാസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു. 2019 മെയ് മുതൽ ഭദ്രാവതി വികാരി ജനറാളായിരുന്നു.കുന്നോത്ത് മേജർ സെമിനാരിയിൽ മോറൽ തിയോളജി അധ്യാപകനായി ജോലി ചെയ്തിരുന്നു.
കാസർഗോഡ് കൊന്നക്കാട് സ്വദേശിയാണ്. കൊറോണ പ്രോട്ടോക്കോൾ പാലിച്ച് വെള്ളിയാഴ്ച കൊന്നക്കാട് പള്ളിയിൽ സംസ്കാരം നടത്തി.
കാസർഗോഡ് ജില്ലയിലെ കൊന്നക്കാട് ഇടവകയിൽ മുണ്ടപ്ലാക്കൽ മാത്യു, അന്നമ്മ ദമ്പതികളുടെ മകനായി പാലാ മറ്റക്കരയിൽ 1966 ൽ ജനിച്ചു. കോട്ടയം മാർ ബസേലിയോസ് കോളേജിൽ നിന്ന് പ്രീ-ഡിഗ്രി പാസ്സായശേഷം വൈദിക പരിശീലനത്തിനായി തലശ്ശേരി സെന്റ് ജോസഫ്‌സ് മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ മംഗലപ്പുഴ സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കിയശേഷം 1992 ഡിസംബറിൽ ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റത്തിൽനിന്നും പൗരോഹിത്യം സ്വീകരിച്ചു.
മേരിഗിരി ഇടവകയിൽ അസിസ്റ്റന്റ് വികാരി ആടാംപാറ, ചെറുപുഴ, എണ്ണപ്പാറ, പാണത്തൂർ, ഉദയഗിരി ഇടവകകളിൽ വികാരി, തലശ്ശേരി അതിരൂപത യുവജനവിഭാഗം ഡയറക്ടർ, ചെമ്പേരി കരുണാലയം ഡയറക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബാബു, ബിജു, ജീജ, സി. ഷാരോൺ ഡിഎം, സിന്ധു എന്നിവർ സഹോദരങ്ങളാണ്.