തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ കെഎസ്​ആര്‍ടിസിയുടെ നോണ്‍ സ്​റ്റോപ് എസി സര്‍വിസ്​ നാളെ മുതൽ

കൊച്ചി: ട്രെയിൻ സർവീസുകൾ നിർത്തിയതോടെ തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ നോണ്‍ സ്​റ്റോപ് എസി മള്‍ട്ടി ആക്സില്‍ സര്‍വിസ്​ ആരംഭിക്കാന്‍ കെഎസ്​ആര്‍ടിസി. നാളെയും പിന്നീട്​ 14 മുതല്‍ 18 വരെയുമാണ്​ സര്‍വിസ്​. സര്‍വീസിൻ്റെ നേട്ടം അറിഞ്ഞശേഷം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കും.

തിരുവനന്തപുരം-എറണാകുളം സെക്​ടറില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റുമായി പ്രതിദിനം നിരവധി പേര്‍ യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ്​ നോണ്‍ സ്​റ്റോപ് എ.സി സര്‍വിസ്​ ആരംഭിക്കുന്നതെന്നും ഈ സെക്​ടറില്‍ ഒാടിയിരുന്ന ട്രെയിനുകള്‍ നിര്‍ത്തലാക്കിയതും പുതിയ സര്‍വിസിന്​ പ്രേരണയായെന്നും​ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്തുനിന്ന്​ തിരിക്കുന്ന പല ട്രെയിനുകളിലും എ.സി ചെയര്‍കാര്‍ യാത്ര പലപ്പോഴും കിട്ടാക്കനിയാണ്.നിര്‍ത്തലാക്കുന്നതില്‍ ജനശതാബ്​ദിയടക്കം സ്പെഷല്‍ ട്രെയിനുകളും ഉള്‍പ്പെടും. പുതിയ സര്‍വിസ്​ യാത്രസമയം കൃത്യമായി പാലിക്കുമെന്ന ഉറപ്പും ​കെഎസ്​ആര്‍ടിസി നല്‍കുന്നുണ്ട്​.

ഒൗദ്യോഗിക ആവശ്യത്തിനും മറ്റും പോകുന്നവര്‍ക്ക് രാവിലെ 10നുമുമ്പ് എറണാകുളത്ത് എത്തുന്ന വിധമാണ്​ സര്‍വിസ്. രാവിലെ 5.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട്​ 9.30ന് എറണാകുളത്ത് എത്തി വൈകീട്ട്​ ആറിന്​ തിരിച്ച്‌​ 10ന്​ തിരുവനന്തപുരത്ത് എത്തുന്ന വിധമാണ്​ സര്‍വിസി​ന്‍െറ ക്രമീകരണം. റിസര്‍വ്​ ചെയ്യാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്​: www.online.keralartc.com. യാത്രക്കാരുടെ തിരക്ക്​ അനുസരിച്ച്‌​ കൂടുതല്‍ സര്‍വിസ്​ ആരംഭിക്കുമെന്നും കോര്‍പറേഷന്‍ അറിയിച്ചു.