മലയാള സിനിമയിലേക്ക് കള്ളപ്പണം; സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മലയാള സിനിമയിലേക്ക് കള്ളപ്പണം ഒഴുകുന്നുവെന്ന ആരോപണത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധന തുടങ്ങി. അടുത്തിടെ റിലീസ് ആയ സിനിമകളുടെ സാമ്പത്തിക വിവരങ്ങള്‍ തേടി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് സ്പെഷ്യല്‍ ബ്രാഞ്ച് കത്ത് അയച്ചു. സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങള്‍ സിനിമയ്ക്കായി പണം മുടക്കിയിട്ടുണ്ടോ എന്നതും പരിശോധിക്കും

2019 ജനുവരി മുതല്‍ ചിത്രീകരണം തുടങ്ങിയ സിനിമകളുടെ സാമ്പത്തിക വിവരങ്ങളാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നത്. താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം, നിര്‍മ്മാതാക്കള്‍ ആരൊക്കെ, നിര്‍മ്മാണ ചെലവ് എത്ര, പണത്തിന്‍റെ ഉറവിടം എന്നീ വിവരങ്ങളാണ് തേടുന്നത്. എത്രയും വേഗം മറുപടി നല്‍കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തിടെ വലിയ മുതല്‍ മുടക്കില്‍ ഒട്ടേറെ സിനിമകള്‍ ചിത്രീകരിച്ചിരുന്നു. ഭൂരിഭാഗം സിനിമകള്‍ക്കും തീയേറ്ററുകളില്‍നിന്നോ സാറ്റലൈറ്റ് തുകയില്‍നിന്നോ മുടക്കുമുതല്‍ തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുമില്ല. എന്നിട്ടും ഓരോ വര്‍ഷവും സിനിമകളുടെ എണ്ണം കൂടുന്നത് കള്ളപ്പണത്തിന്റെ ഒഴുക്ക് മൂലമാണെന്നാണ് സംശയിക്കുന്നത്.

ഇത്തരമൊരു സംശയം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും മുന്നോട്ടുവെച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് , മയക്കുമരുന്ന് സംഘങ്ങള്‍ക്കും സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നത് ഏറെ കാലമായി കേള്‍ക്കുന്ന ആരോപണമാണ്. ഇക്കാര്യവും സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന്‍റെ പരിധിയില്‍ വരും. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിവര ശേഖരണം എല്ലാ വര്‍ഷവും ഉള്ളതാണെന്നും ഇത്തവണയും കൃത്യമായ വിവരങ്ങള്‍ നല്‍കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതൃത്വം വ്യക്തമാക്കി.