മുംബൈ: മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ 25 ഓളം താരങ്ങളിലേക്കെന്ന് റിപ്പോർട്ട്. സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കാമുകിയും നടിയുമായ റിയ ചക്രബർത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയോട് താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തി.
25 പേർക്കും എൻസിബി ഉടൻ നോട്ടീസ് അയക്കുമെന്നാണ് വിവരം. താരങ്ങളുടെ പട്ടിക മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. റിയയെ ചൊവ്വാഴ്ച മൂന്നാംതവണയും ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് ചെയ്തത്. താൻ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും രാസവസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും മൊഴി നൽകിയതായാണ് വിവരം.
റിയയുടെ സഹോദരൻ സൗവിക്ക് ചക്രബർത്തിയും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ചില താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരങ്ങളുടെ മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം തുറന്നുകാണിക്കുന്ന ഒട്ടേറെ ഡിജിറ്റൽ തെളിവുകൾ എൻസിബി കണ്ടെടുത്തിരുന്നു.
മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ബോളിവുഡ് പാർട്ടികളെക്കുറിച്ചും റിയ എൻ.സി.ബിയോട് പറഞ്ഞു. സുശാന്തിന്റെ ഒരു സിനിമയുടെ സെറ്റിൽ വെച്ചാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്നും റിയ പറഞ്ഞു. സുശാന്തിന്റെ സിനിമയിൽ ഒപ്പം അഭിനയിച്ചവർക്കും നോട്ടീസ് അയച്ചതായാണ് വിവരം.