മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച് നൽകിയതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യുന്നതിനിടെ റിയ വെളിപ്പെടുത്തിയിരുന്നു.
സുശാന്തിനൊപ്പം ലഹരിമരുന്ന് നിറച്ച സിഗരറ്റ് വലിച്ചിരുന്നതായും റിയ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. നേരത്തെ റിയയുടെ സഹോദരൻ ഷോവിക്ക് ചക്രവർത്തിയേയും സുശാന്തിൻ്റെ മുൻ മാനേജർ സാമുവൽ മിരാൻഡയേയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു. എൻസിബി മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സഈദ് വിലാത്രയുമായി ഷോവിക്കിനും സാമുവലിനും ബന്ധമുണ്ടെന്നും തെളിഞ്ഞതിനെ തുടർന്നായിരുന്നു അറസ്റ്റ് ചെയ്തത്.
സുശാന്തിന്റെ പാചകക്കാരൻ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റിയയുടെ കുടുംബാംഗങ്ങളിലേക്കും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം നീളുന്നത്. ദീപേഷ് സാവന്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് എൻ.സി.ബി അയാളെ അറസ്റ്റ് ചെയ്തത്.