കണ്ടെയ്നർ ലോറിയിൽ 500 കിലോയിധികം കഞ്ചാവുമായെത്തിയ രണ്ട് ഉത്തരേന്ത്യക്കാർ പിടിയിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. നാഷണൽ പെർമിറ്റ് കണ്ടെയ്നർ ലോറിയുടെ രഹസ്യ അറയിൽ കടത്തിക്കൊണ്ട് വന്ന 500 കിലോ കഞ്ചാവ് ആണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെന്റ്റ് സ്ക്വാഡ് തിരുവനന്തപുരത്ത് പിടികൂടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആണ് ഇത്. ഏകദേശം 20 കോടിയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.

തിരുവനന്തപുരം – ആറ്റിങ്ങൽ ദേശീയപാതയിൽ കോരാണി ജംഗ്ഷന് സമീപം വെച്ചാണ് കഞ്ചാവ് പിടികൂടിയത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ് ചെയ്തു. പഞ്ചാബ് സ്വദേശി കുൽവന്ത് സിങ് ഝാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെയാണ് പോലിസ് പിടികൂടിയത്.
ഇവർക്ക് കഞ്ചാവ് കൊടുത്തയച്ചവരെപ്പറ്റിയും കൈപ്പറ്റുന്നവരെ കുറിച്ചും വ്യക്തമായ സൂചനകൾ ലഭ്യമായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മൈസൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാളികളുടെ സംഘമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് അധികൃതർ പറയുന്നത്. കർണാടകയിൽ മയക്കുമരുന്ന് വേട്ട സജീവമായ സാഹചര്യത്തിൽ അവിടെ കഞ്ചാവ് സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നതിനാലാണ് കഞ്ചാവ് കേരളത്തിലെത്തിച്ചത്.