മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകള്‍ക്ക് പിഴപ്പലിശ; ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ വാദം തുടരും

ന്യൂഡെല്‍ഹി: മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകള്‍ക്ക് പിഴപ്പലിശ ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ ഇന്നും തുടരും. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ പിഴ പലിശ നിരക്ക് കുറയ്ക്കുകയോ, പിഴ പലിശ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

ഉച്ചയ്ക്ക് രണ്ടിന് വാദം കേള്‍ക്കല്‍ ആരംഭിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ വാദമായിരിക്കും ഇന്ന് നടക്കുക. റിസര്‍വ് ബാങ്ക് ബാങ്കുകളുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും, ബാങ്കുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം ലാഭമുണ്ടാക്കാനായാണ് പ്രവര്‍ത്തിച്ചതെന്നും ഹര്‍ജികളില്‍ പറയുന്നു.

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മൊറട്ടോറിയം സംബന്ധിച്ച് ബാങ്ക് മേധാവികളുടെ നിലപാട് ധനമന്ത്രി ആരായും. വായ്പകള്‍ക്കുള്ള മൊറട്ടോറിയം രണ്ട് വര്‍ഷം വരെ നീട്ടാമെന്ന് സുപ്രീംകോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണം എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

പിഴ പലിശ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ബാങ്കുകള്‍ക്ക് വിടണം എന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ സാമ്പത്തിക രംഗം സമ്മര്‍ദത്തിലാണെന്നും, അതിനാല്‍ ഇക്കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.