കായിക രംഗത്തുള്ളവർക്ക് ജോലി പ്രാതിനിധ്യം വര്‍ധിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡെൽഹി: കായിക രംഗത്തുള്ളവരുടെ ജോലി പ്രാതിനിധ്യം കേന്ദ്രസർക്കാർ വര്‍ധിപ്പിച്ചു. 63 ഇനങ്ങളില്‍ മത്സരിച്ച കായിക താരങ്ങളെ ഇനിമുതല്‍ സര്‍ക്കാര്‍ ജോലികള്‍ക്കായി പരിഗണിക്കാൻ തീരുമാനമായി. ഇതുവരെ 43 കായിക ഇനങ്ങളില്‍ ഉള്ളവരെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ ജോലികള്‍ക്കായി പരിഗണിച്ചിരുന്നത്.

തെരഞ്ഞെടുക്കപ്പെട്ട 20 ഇനങ്ങളെ അധികമായി ചേര്‍ത്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ ഇനങ്ങള്‍ 63 ആയി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കായിക ഇനങ്ങളെ കേന്ദ്ര കായിക വകുപ്പാണ് തിരഞ്ഞെടുത്തത്.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി അണ്ടര്‍ സെക്രട്ടറി പ്രദീപ് കുമാറാണ് വ്യവസ്ഥകളില്‍ ഒപ്പുവച്ചിരിക്കുന്നത്. പ്രാദേശിക തലത്തില്‍ ഏറെ പ്രചാരമുള്ള വടംവലി, മഹാരാഷ്ട്രയുടെ തനത് കായിക രൂപമായ മല്‍ഖംഭ്, അന്താരാഷ്ട്ര ഇനങ്ങളായ റഗ്ബി, സെപാക് താക്‌റോ, സോഫ്റ്റ് ടെന്നീസ്, മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് എന്നിവ പുതുതായി ചേര്‍ക്കപ്പെട്ടു.

കായികരംഗത്തെ പ്രതിഭകള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന അവസരമാണ് തുറന്നുകിട്ടിയിരിക്കുന്നതെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജൂ ട്വിറ്ററിലൂടെ അറിയിച്ചു.