മൊറട്ടോറിയം നീട്ടണം; പലിശ പൂർണമായും ഒഴിവാക്കണം: കപിൽ സിബൽ

ന്യൂഡെൽഹി: മൊറട്ടോറിയം നീട്ടണമെന്നും പലിശ പൂർണമായും ഒഴിവാക്കണമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രിംകോടതിയിൽ. ദുരന്ത സമയത്ത് നടപടിയെടുക്കാൻ ദുരന്ത മാനേജ്മെന്റ് നിയമം കേന്ദ്രത്തിനും റിസർവ് ബാങ്കിനും അധികാരം നൽകുന്നുണ്ടെന്ന് ഹർജിക്കാർ വാദിച്ചു. മൊറട്ടോറിയം സംബന്ധിച്ച പൊതുതാത്പര്യഹർജികൾ പരിഗണിക്കവെയാണ് ആവശ്യമുന്നയിച്ചത്. അധികാരമുണ്ടെന്നും, ആ അധികാരം ഉപയോഗിച്ചോ എന്നതാണ് ചോദ്യമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു.

മേഖലാ അടിസ്ഥാനത്തിൽ ആശ്വാസനടപടികൾ വേണമെന്ന് ഷോപ്പിങ് സെന്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ സാഹചര്യത്തിലും ലാഭം മാത്രം നോക്കുന്ന ഒരേയൊരു മേഖല ബാങ്കിങ് മേഖലയാണെന്ന് കെട്ടിടനിർമാതാക്കളുടെ സംഘടനയായ ക്രെഡായ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അര്യാമ സുന്ദരം കുറ്റപ്പെടുത്തി. മൊറട്ടോറിയം ഹർജികളിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് വാദം തുടരും.