വടകര: സിറിഞ്ച് വഴി ഭക്ഷണം നല്‍കുന്നതിനിടെ പക്ഷിയുടെ വയറ്റില്‍ വാല്‍വ് ട്യൂബ് കുടുങ്ങി. വടകര പുതിയാപ്പിലെ വെറ്ററിനറി ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പക്ഷിയുടെ വയറ്റില്‍ നിന്ന് വാല്‍വ് ട്യൂബ് പുറത്തെടുത്തു.
വടകര മണിയൂര്‍ കിഴക്കെ പറമ്പത്ത് അക്ബര്‍ അബ്ദുല്ലയുടെ മൂന്നാഴ്ച പ്രായം വരുന്ന കോക്കാടെയ്ല്‍ പക്ഷിക്കുഞ്ഞിന്റെ വയറ്റിലാണ് സൈക്കിളിന്റെ വാല്‍വ് ട്യൂബ് അബദ്ധത്തില്‍ അകപ്പെട്ടത്. സിറിഞ്ച് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം വായ്ക്കുള്ളില്‍ എത്തുന്നതിനാണ് വാള്‍വ് ട്യൂബ് ഘടിപ്പിച്ചത്. തീറ്റ എടുക്കാതെ അസ്വസ്ഥത പ്രകടിപ്പിച്ച പക്ഷിയെ വെറ്ററിനറി ഡോക്ടര്‍മാരുടെ അടുത്ത് എത്തിച്ചെങ്കിലും ജില്ലാ വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു ശസ്ത്രക്രിയ ചെയ്യാനായിരുന്നു പലരും നിര്‍ദേശിച്ചത്.
ഡോ.സ്‌നേഹരാജ്, ഡോ.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അനസ്തീസിയ നല്‍കി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് വാല്‍വ് ട്യൂബ് പുറത്തെടുത്തത്. അതിനു ശേഷം പക്ഷിക്കുഞ്ഞ് തീറ്റ എടുക്കാന്‍ തുടങ്ങി. ഫാല്‍ക്കന്‍ ഇനത്തില്‍പ്പെട്ട പക്ഷിയാണ് കോക്കാടെയ്ല്‍.