ന്യൂഡെൽഹി: താജ്മഹലും ആഗ്ര കോട്ടയും ഒഴികെയുള്ള ആഗ്രയിലെ ചരിത്രസ്മാരകങ്ങൾ സെപ്റ്റംബർ ഒന്നുമുതൽ തുറക്കാൻ തീരുമാനമായി. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. ചരിത്ര സ്മാരകങ്ങളെല്ലാം വീണ്ടും തുറക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ പ്രതിവാര ലോക്ക് ഡൗൺ മാനദണ്ഡങ്ങളനുസരിച്ച് ശനിയും ഞായറും ഇവ അടച്ചിടും.
ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, സന്ദർശകർ എല്ലാവരും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. മുഗൾ ഗാർഡനുകളായ അരാം ബാഗ്, മെഹ്താബ് ബാഗ് എന്നിവയാണ് ഇപ്പോൾ സന്ദശിക്കാവുന്ന സ്മാരകങ്ങൾ. അവിടെ നിന്ന് താജിന്റെ കാഴ്ചകൾ, മറിയം-ഉസ്-സമാനിയുടെ ശവകുടീരം, ചരിത്രപ്രാധാന്യമുള്ള ഫത്തേപൂർ സിക്രി, ചിനി കാ റൗസ മുതലായവ ആസ്വദിക്കാൻ സൗകര്യമുണ്ട്.
മുൻപ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യുടെ കേന്ദ്ര സംരക്ഷിത സ്മാരകങ്ങളെല്ലാം ജൂലൈയിൽ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. അതേസമയം, മതിയായ സുരക്ഷാ മുൻ കരുതലുകളോടെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
വൈറസ് വ്യാപനത്തെ തുടർന്ന് ബഫർ സോണിൽ ഉൾപ്പെടുന്ന നഗരത്തിലെ ചരിത്ര സ്മാരകങ്ങൾ സെപ്റ്റംബർ ഒന്നു മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആഗ്രയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ താജ്മഹലും ആഗ്ര കോട്ടയും ഉടൻ തുറക്കില്ല.