അച്ചടി നിർത്തിയതിന് ന്യായീകരണം; 2000 രൂപ നോട്ടുകൾ ആർക്കും വേണ്ടാത്തവയായിരുന്നു; ആർബിഐ വാർഷിക റിപ്പോർട്ട്

ന്യൂഡെൽഹി: 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയത് ഔദ്യോഗികമായി സമ്മതിച്ച് റിസർവ് ബാങ്ക്. 2000 രൂപ നോട്ടുകൾ ആർക്കും വേണ്ടാത്ത നോട്ടെന്നാണ് ആർബിഐയുടെ വാർഷിക റിപ്പോർട്ടിലെ വിശേഷണം. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ലെന്നാണ് ആർബിഐ വാർഷിക റിപ്പോർട്ടില്‍ പറയുന്നത്.

അതേസമയം, ജനങ്ങൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന നോട്ടുകൾ ഏതെന്ന് കണ്ടെത്താൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സർവ്വേ നടത്താന്‍ തീരുമാനിച്ചു. ആളുകൾ കൂടുതൽ ആവശ്യപ്പെടുന്ന നോട്ടുകൾ കണ്ടെത്തി മുൻഗണന അനുസരിച്ച് പ്രിന്റിങ് ക്രമീകരിക്കാനാണ് തീരുമാനം.

നോട്ട് നിരോധനത്തിന് പിന്നാലെയാണ് കൊട്ടിഘോഷിച്ച് 2000 ത്തിന്‍റെ നോട്ട് കൊണ്ടുവന്നത്. ആർബിഐ 2000 നോട്ടിന്റെ പ്രചാരണം നിർത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2016 നവംബർ എട്ടിന് കേന്ദ്ര സർക്കാര്‍ 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചതിനു പിന്നാലെയാണ് 2000ത്തിന്റെ കറൻസി പുറത്തിറക്കിയത്.

തുടർന്ന് 2017–18 വർഷത്തിൽ രണ്ടായിരത്തിന്റെ 3.36 ബില്യൻ നോട്ടുകൾ പുറത്തിറക്കി. തൊട്ടടുത്ത വര്‍ഷം ഇത് 3.29 ബില്യനായി. 2019–20ൽ 2.73 ബില്യനായി കുറയുകയും ചെയ്തു. രണ്ടായിരത്തിന്റെ പ്രചാരം കുറഞ്ഞതിനൊപ്പം അച്ചടിയിലും കുറവു വന്നു.

2016–17ൽ 3.5 ബില്യൻ അച്ചടിച്ചിരുന്നു. 2017–18 ആയതോടെ 151 മില്യനായി. 2018–19ൽ 47 മില്യനായും എണ്ണം കുറഞ്ഞു. എന്നാൽ 2019–2020 സാമ്പത്തിക വർഷമായതോടെ ഒരു നോട്ടു പോലും അച്ചടിക്കേണ്ടതായി വന്നില്ല. ഇതിനിടെ 500, 200 രൂപ നോട്ടുകളുടെ പ്രചാരം വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം നോട്ടുകളുടെ പ്രചാരത്തിൽ മുൻവർഷത്തേക്കാളും 23.3 ശതമാനത്തിന്റെ കുറവുണ്ടായി. കോവിഡ് മൂലം ലോക്ഡൗൺ പ്രഖ്യാപിച്ചതും ചെലവ് കുറഞ്ഞതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.