പ്രശാന്ത് ഭൂഷന്റെ കേസ് വിധി പറയാൻ മറ്റൊരു ബെഞ്ചിനു വിടണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ; കേസ് സെപ്റ്റംബർ 10 ലേക്ക് മാറ്റി

ന്യൂഡെൽഹി: കോടതിയലക്ഷ്യ കേസിൽ അഡ്വ. പ്രശാന്ത് ഭൂഷന്റെ കേസ് വിധി പറയാൻ മറ്റൊരു ബെഞ്ചിനു വിടണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യർഥിച്ച് സുപ്രീം കോടതി. മറ്റൊരു ബെഞ്ചിന്റെ പരിഗണനക്കായി കേസ് സെപ്റ്റംബർ 10 ലേക്ക് മാറ്റിവച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

തനിക്ക് സമയമില്ലെന്നും ഓഫീസിൽ നിന്നും ഒഴിയുകയാണെന്നും നാലഞ്ച് മണിക്കൂർ സമയമെങ്കിലും ഈ കേസിന്റെ വാദം കേൾക്കാൻ ആവശ്യമുണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കേസിൽ മാപ്പ് പറയാൻ തിങ്കളാഴ്ച വരെ ഭൂഷണ് സമയം നൽകിയിരുന്നു. എന്നാൽ മാപ്പു പറയാൻ തയ്യാറല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതെ തുടർന്ന് ഇന്ന് വിധി പറയാനിരുന്ന കേസാണ് സെപ്റ്റംബർ പത്തിലേക്ക്‌ മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലേക്ക് മാറ്റി വച്ചത്.

കേസിൽ മാപ്പ് പറയില്ലെന്ന് സുപ്രീം കോടതിയെ പ്രശാന്ത് ഭൂഷൺ അറിയിച്ചിരുന്നു. ഉത്തമബോധ്യത്തോടെ നടത്തിയ പ്രസ്താവനയിൽ ആത്മാർഥതയില്ലാതെ മാപ്പുപറഞ്ഞാൽ അത് കാപട്യവും ആത്മവഞ്ചനയുമാകുമെന്നാണ് ഭൂഷൺ വ്യക്തമാക്കിയത്. 20-ന് സുപ്രീംകോടതിയിൽ നൽകിയ പ്രസ്താവനയിൽ സ്വീകരിച്ച നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് തിങ്കളാഴ്ച സമർപ്പിച്ച രണ്ടു പേജുള്ള പ്രസ്താവനയിലും ഭൂഷൺ വ്യക്തമാക്കി.

സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ച് പ്രശാന്ത് ഭൂഷൺ നടത്തിയ രണ്ടു ട്വീറ്റുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടി എടുക്കാൻ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്. വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുമെന്നും അതിൽ തീർപ്പാകും വരെ ശിക്ഷവിധിക്കരുതെന്നുമുള്ള ഭൂഷന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.